സിഐ നവാസിനെ കണ്ടെത്തി

തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നാണ് സി.ഐയെ കണ്ടെത്തിയത്

കൊച്ചി: കൊച്ചിയില്‍ നിന്ന് കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നാണ് നവാസിനെ കണ്ടെത്തിയതെന്നാണ് വിവരം. തമിഴ്‌നാട് റെയില്‍വേ പോലീസാണ് സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തിയത്. നവാസ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. കൊച്ചിയില്‍ നിന്ന് പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. മൂന്ന് ദിവസം മുമ്പാണ് നവാസിനെ കാണാതായത്. നവാസിനെ കാണാനില്ലെന്ന് കാണിച്ച് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പടെ അറിയിപ്പ് നല്‍കിയിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്നാണ് സിഐ നവാസ് നാട് വിട്ടതെന്നാരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ 13ാം തീയതി ഈ ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞതായി വിവരമുണ്ട്. നവാസിനെ കണ്ടെത്താന്‍ കൊച്ചിയില്‍ നിന്നുളള നാല് പോലീസ് സംഘങ്ങളാണ് വിവിധ ഭാഗങ്ങളിലായി അന്വേഷണം നടത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും രൂപികരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍