ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഞെട്ടിക്കുന്ന വര്‍ധന

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ 2019ലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്ത്.
2019ല്‍ മാത്രം നടക്കുന്ന 11-ാമത്തെ ആള്‍ക്കൂട്ട ആക്രമണമാണിതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ 11 ആക്രമണങ്ങളിലായി നാല് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 
ഫെച്ച്‌ഹെക്കര്‍ ഇന്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ചാണ് ഇത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 297 ആള്‍ക്കൂട്ട ആക്രമണങ്ങള്‍ രാജ്യത്ത് നടന്നുവെന്നും ഈ ആക്രമണങ്ങളില്‍ ഇരയായി 98 പേരാണ് കൊല്ലപ്പെട്ടതെന്നും 722 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപ വര്‍ഷങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്ന തരത്തില്‍ വര്‍ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. 
2012 മുതല്‍ 2014 വരെയുള്ള മൂന്നു വര്‍ഷങ്ങളിലായി ആകെ ആറ് ആള്‍ക്കൂട്ട ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2015നു ശേഷം 121 ആക്രമണങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഏറെയും ഉണ്ടായത് മുസ്‌ലീം വിഭാഗത്തില്‍പ്പെട്ടവര്‍ക്കു നേരെയാണ്. ആകെയുടെ 59 ശതമാനം ആക്രമണങ്ങളാണ് മുസ്‌ലീം വിഭാഗത്തിനു നേരെ ഉണ്ടായത്. ഇതില്‍ തന്നെ 28 ശതമാനം ആക്രമണങ്ങളും പശുക്കടത്തോ പശു കശാപ്പോ ആരോപിച്ചാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍