രാജരാജ ചോളനെതിരായ പരാമര്‍ശം; സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ കേസ്

തഞ്ചാവൂര്‍: രാജരാജ ചോളന്‍ ഒന്നാമനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ കേസ്. ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഈ മാസം അഞ്ചിന് കുംഭകോണത്തിനു സമീപം തിരുപ്പനന്തലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫാറൂഖിന്റെ ചരമ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുമ്പോള്‍ നടത്തിയ പരാമര്‍ശമാണു വിവാദമായത്. രാജരാജ ചോളന്റെ കാലത്തു ദളിതരുടെ ഭൂമി പിടിച്ചെടുത്തെന്നും ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയെന്നും രഞ്ജിത്ത് പറഞ്ഞു. ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദളിതരുടെതായിരുന്നെന്നും രാജരാജ ചോളന്റെ കാലത്താണ് ദേവദാസി സമ്പ്രദായം ഉണ്ടാകുന്നതെന്നും രഞ്ജിത്ത് വിമര്‍ശിച്ചു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഹിന്ദു മക്കള്‍ കക്ഷി നേതാവ് കാ ബാല തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമം (153), രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക (153 (എ) 1) എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരേ ചുമത്തിയിരിക്കുന്നത്. നീലം പന്‍പാട്ട് മയ്യം എന്ന സംഘടനയുടെ നേതാവ് കൂടിയാണ് രഞ്ജിത്ത്. മദ്രാസ്, കബാലി, കാല എന്നീ സിനിമകളിലൂടെയാണ് രഞ്ജിത് പ്രശ്‌സ്തി നേടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍