അമിത് ഷാ ഇന്ന് കശ്മീരിലേക്ക്: ഭീകരവാദികളില്‍ നിന്നും തീര്‍ത്ഥാടകരെ സംരക്ഷിക്കും

ശ്രീനഗര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കശ്മീരിലെത്തും. അമര്‍നാഥ് സന്ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷ വിലയിരുത്തുക എന്നതാണ് അമിത് ഷായുടെ പ്രധാന അജണ്ട. തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് ഭീകരവാദികള്‍ ആക്രമണം നടത്തുമെന്ന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി അമിത് ഷാ ഈ വിഷയത്തില്‍ ഉന്നതതല യോഗം ചേരും. അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള സുരക്ഷയും ഇതിനോടകം ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഷാ കശ്മീരിലേക്ക് എത്തുന്നത്. ബി.ജെ.പി പ്രവര്‍ത്തകരുമായും സ്ഥലത്തെ പഞ്ചായത്തംഗങ്ങളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.
ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായും അമിത് ഷാ ചര്‍ച്ചകള്‍ നടത്തും. ഇതിന് മുന്‍പും സ്ഥലത്തെ സുരക്ഷാ ഭീഷണിയെക്കുറിച്ച് അമിത് ഷാ ഗവര്‍ണറുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിലവില്‍ ജമ്മു കശ്മീരിന്റെ ഭരണ ചുമതല ഗവര്‍ണറുടെ കൈയിലാണ്. ആറ് മാസത്തേക്ക് കൂടി കാശ്മീരില്‍ ഗവര്‍ണറുടെ ഭരണം തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച് അമിത് ഷാ നിരവധി ഉന്നതതല യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍