ഇ പേമെന്റ് വിവരങ്ങള്‍ സൂക്ഷിക്കേണ്ടത് ഇന്ത്യയില്‍ത്തന്നെ

മുംബൈ: ഇന്ത്യന്‍ ഉപയോക്താക്കളുടെ ഈ പേമെന്റ് വിവരങ്ങള്‍ ഇന്ത്യയില്‍ത്തന്നെ സൂക്ഷിക്കണമെന്ന് ആവര്‍ത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇപേമെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇന്ത്യയില്‍തന്നെയുള്ള ഡേറ്റാ സെന്ററുകളില്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു വിദേശ ഈ പേമെന്റ് കമ്പനികള്‍ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലിനെ അറിയിച്ചതിനു പിന്നാലെയാണ് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസമായിരുന്നു ആമസോണ്‍, ഫ്‌ലിപ് കാര്‍ട്ട് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ കേന്ദ്ര വാണിജ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇപേമെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള ഡേറ്റാ പ്രോസസിംഗ് ആവശ്യമെങ്കില്‍ ഇന്ത്യയ്ക്കു വെളിയില്‍ നടത്താം, എന്നാല്‍, ഈ ഡേറ്റകള്‍ പ്രോസസിംഗ് നടത്തി 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ ഡേറ്റാ സെന്ററിലെത്തിക്കണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചു. എന്‍ഡ് ടു എന്‍ഡ് ഇടപാടുകളുടെ വിവരങ്ങളും ഇന്ത്യയിലെ ഡേറ്റാ സെന്ററുകളില്‍ സൂക്ഷിക്കണമെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇ പേമെന്റ് വിവരങ്ങള്‍ ഇന്ത്യയില്‍ സൂക്ഷിക്കണമെന്നതു നിര്‍ബന്ധമാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ പുറത്തിറങ്ങുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍