കൊച്ചി വിമാനത്താവളത്തില്‍ ഇനി നേരത്തേ ചെക്ക്ഇന്‍ ചെയ്യാം

 നെടുമ്പാശേരി: യാത്രക്കാരുടെ തിരക്കേറിയത് പരിഗണിച്ച് കൊച്ചി വിമാനത്താവളത്തില്‍ ചെക്ക്ഇന്‍ ചെയ്യാനുള്ള സമയം വര്‍ദ്ധിപ്പിച്ചു. 25 മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് ചെക്ക്ഇന്‍ ചെയ്യാം. കൊച്ചി വിമാനത്താവളത്തില്‍ പ്രതിദിനം മുപ്പതിനായിരത്തോളം പേര്‍ യാത്ര ചെയ്യുന്നുണ്ട്. ആഭ്യന്തര ചെക്ക്ഇന്‍ കൗണ്ടറുകള്‍, വിമാനം പുറപ്പെടുന്ന സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് സാധാരണ പ്രവര്‍ത്തിച്ചുതുടങ്ങുക. ഇതിലും നേരത്തെ എത്തുന്നവരെ സി.ഐ.എസ്.എഫ് ചെക്ക്ഇന്‍ മേഖലയിലേക്ക് കടത്തിവിടില്ല. തീവ്രവാദ അക്രമണ പശ്ചാത്തലത്തില്‍ ബ്യൂറോ ഒഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശപ്രകാരം സുരക്ഷാ പരിശോധന അതീവ കര്‍ശനമാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ പരിശോധനാ ഹാളില്‍ വന്‍ തിരക്കായിരിക്കും. അവസാന നിമിഷം എത്തുന്നവര്‍ക്ക് ഗേറ്റുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യം പലപ്പോഴുമുണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് ചെക്ക്ഇന്‍ കൗണ്ടറുകള്‍ നേരത്തെ തുറക്കാന്‍ സിയാല്‍, എയര്‍ലൈനുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ആഭ്യന്തര യാത്രക്കാര്‍ സുരക്ഷാ പരിശോധനാ ഹാളിലെ അവസാന നിമിഷങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സിയാല്‍ അഭ്യര്‍ത്ഥിച്ചു. രാജ്യാന്തര യാത്രക്കാര്‍ക്കുള്ള ചെക്ക്ഇന്‍ കൗണ്ടറുകള്‍ മൂന്നു മണിക്കൂര്‍ മുമ്പുതന്നെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന നിലവിലെ സ്ഥിതി തുടരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍