ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഉച്ചയ്ക്ക് ശേഷം പാസഞ്ചര്‍ ട്രെയിന്‍ ഇല്ലാത്തത് ദുരിതമാകുന്നു


കോഴിക്കോട്: മണ്‍സൂണ്‍ കാലത്ത് ഷൊര്‍ണൂരിനും കോഴിക്കോടിനും ഇടയില്‍ ഉച്ചയ്ക്ക് രണ്ടിന് ശേഷം നാല് മണിക്കൂര്‍ നേരത്തേക്ക് ട്രെയിനുകള്‍ ഇല്ലാത്തത് തിരിച്ചടിയാകുന്നു. സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ട്രെയിന്‍ ഇല്ലാത്തതിനാല്‍ പ്രതിസന്ധി നേരിടുന്നത്. നിലവില്‍ 4.12 ന് ഷൊര്‍ണ്ണൂര്‍ നിന്ന് പുറപ്പെടുന്ന 56651 പാസഞ്ചര്‍ ട്രെയിന്‍ മണിക്കൂറുകള്‍ വൈകിയാണ് കോഴിക്കോട് സ്റ്റേഷനിലും തുടര്‍ന്ന് കണ്ണൂരും എത്തിച്ചേരുന്നത്. ഇതിന് പുറമെ ദീര്‍ഘദൂര വണ്ടികള്‍ക്ക് വേണ്ടി ട്രെയിന്‍ പിടിച്ചിടുകയും ചെയ്യുന്നതിനാല്‍ യാത്രക്കാര്‍ ഏറെ പ്രയാസം നേരിടേണ്ടി വരികയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഉച്ചയ്ക്ക് മൂന്നിനുശേഷം ഒരു പാസഞ്ചര്‍ ട്രെയിനെങ്കിലും ഷെര്‍ണൂരിനും കോഴിക്കോടിനുമിടയില്‍ സര്‍വീസ് നടത്തണമെന്നാണ് ഉയരുന്ന ആവശ്യം.കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് വൈകിട്ട് അഞ്ചിന് മാത്രം പുറപ്പെടുന്ന ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് ഷെര്‍ണൂരിനും കോഴിക്കോടിനുമിടയില്‍ സമയം പുന:ക്രമീകരിക്കുക , തൃശൂര്‍ കോഴിക്കോട് പാസഞ്ചര്‍ മൂന്നിന് തൃശൂരില്‍ നിന്ന് പുറപ്പെടുന്ന രീതിയില്‍ പുന:ക്രമീകരിക്കുക, കോയമ്പത്തൂര്‍ പാസഞ്ചര്‍ യാത്രാ തിരക്ക് മാനിച്ച് കൃത്യ സമയത്ത് സര്‍വീസ് നടത്തുക, മലബാര്‍ മേഖലയ്ക്ക് മാത്രം നഷ്ടമായ മെമു സര്‍വീസ് ജനോപകാരപ്രദമായ രീതിയില്‍ സര്‍വീസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ട്രെയിന്‍ യൂസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍