കെഎസ്ആര്‍ടിസി ബസുകളില്‍ കണ്‍സഷന്‍ തോത് ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്യും

 ഇടുക്കി: ജില്ലയിലെ വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി കെ എസ് ആര്‍ ടി സി ബസുകളില്‍ കണ്‍സഷന്‍തോത് വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ബസുകളില്‍ കണ്‍സഷന്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുന്നതിനായി വിഷയം സര്‍ക്കാരിന്റെയും കെ എസ് ആര്‍ ടിസിയുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.ആര്‍ ടി ഒ ആര്‍. രാജീവ്, മറ്റ് ഉദ്യോഗസ്ഥര്‍, ബസുടമ സംഘടനകളുടെ പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്വകാര്യ ബസുകളെ അപേക്ഷിച്ച് കെ എസ് ആര്‍ ടി സി ബസുകളില്‍ ഇപ്പോള്‍ പരിമിതമായ തോതിലാണ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നത്. എന്നാല്‍ ഇടുക്കിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം വിദ്യാര്‍ഥികള്‍ക്കു യാത്രാക്ലേശം വര്‍ധിച്ചുവരികയാണെന്ന് യോഗത്തില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ അറിയിച്ചു. സ്വകാര്യ ബസുകളില്‍ പരമാവധി കുട്ടികളെ കയറ്റുന്നുണ്ടെങ്കിലും സ്വകാര്യ ബസുകള്‍ കുറവായ റൂട്ടുകളില്‍ കെ എസ് ആര്‍ ടിസിയാണു കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്. ഒറ്റപ്പെട്ട റൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്കു കണ്‍സഷന്‍ അനുവദിക്കുന്നതും കൂടുതല്‍ ബസുകള്‍ അനുവദിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡിടിഒ തലത്തില്‍ പരിഹരിക്കണമെന്നു ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍