നിര്‍മാണാനുമതിയും ക്ലിയറന്‍സും ഏകജാലക പരിഹാരം

തിരുവനന്തപുരം: പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും തീര്‍പ്പാകാതെ കിടക്കുന്ന നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ അധ്യക്ഷരായ ഏകജാലക സമിതി കൂടി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 
ഇതു സംബന്ധിച്ച നടപടികള്‍ ജൂലൈയില്‍ത്തന്നെ പൂര്‍ത്തിയാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ ക്ലിയറന്‍സിനു കാത്തുകിടക്കുന്നതുമായ അപേക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത്/നഗരസഭാ സെക്രട്ടറിമാരുടെ യോഗം ജൂലൈ ആറിനു മുമ്പ് വിളിക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജൂലൈ 20നു മുമ്പ് മന്ത്രിമാര്‍ പങ്കെടുക്കുന്ന പൊതുപരിപാടി സംഘടിപ്പിച്ച് പ്രളയദുരന്തത്തില്‍പ്പെട്ടവരില്‍ അര്‍ഹരായ അവശേഷിക്കുന്ന അപേക്ഷകരുടെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും വിതരണം ചെയ്യണം. പ്രളയദുരന്തവുമായി ബന്ധപ്പെട്ട് നല്‍കിയ എല്ലാ ആനുകൂല്യങ്ങളുടെയും സമഗ്രമായ കണക്കുകള്‍ ആ യോഗത്തില്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയണം.
മാര്‍ച്ച് 31നു മുമ്പു ലഭിച്ച എല്ലാ അപ്പീലുകളും ഉടന്‍ തീര്‍പ്പാക്കണം. അപ്പീല്‍ സമയപരിധി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. മാര്‍ച്ച് 31 ശേഷം ലഭിച്ച അപ്പീലുകള്‍ താഴെ തലത്തിലേക്ക് അയച്ചുകൊടുക്കുന്നതിനു മുമ്പ് കളക്ടറേറ്റുകളില്‍ പ്രാഥമിക പരിശോധന നടത്തണം. അര്‍ഹര്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇതുവഴി അവരെ തീര്‍ച്ചയായും ഉള്‍പ്പെടുത്താനാകണം. അനര്‍ഹര്‍ കടന്നുകൂടാതിരിക്കാന്‍ ജാഗ്രത വേണം. 
പൂര്‍ണമായി തകര്‍ന്ന വീടുകളില്‍ ചിലതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ട്. അവയില്‍ സാങ്കേതികപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കളക്ടര്‍മാര്‍ ഇടപെട്ട് പരിഹരിക്കാവുന്നവ പരിഹരിക്കണം. 
വീഡിയോ കോണ്‍ഫറന്‍സില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, സെക്രട്ടറി എം. ശിവശങ്കര്‍, ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ്, ലാന്‍ഡ് റവന്യു കമ്മീഷണര്‍ സി.എ. ലത, ദുരന്ത നിവാരണ അഥോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍