നായിഡു കോടികള്‍ ചെലവാക്കി നിര്‍മ്മിച്ച കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ട് ജഗന്‍മോഹന്‍

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉപയോഗിച്ചുകൊണ്ടിരുന്ന കെട്ടിടം പൊളിച്ചുനീക്കാന്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഉത്തരവിട്ടു. നായിഡുവിന്റെ വസതിയോട് ചേര്‍ന്ന് നിര്‍മ്മിച്ച പ്രജാവേദിക എന്ന കെട്ടിടമാണ് പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശിച്ചത്. 2017ല്‍ അഞ്ച് കോടി രൂപ മുടക്കി ടി.ഡി.പി നിര്‍മ്മിച്ച കെട്ടിടമാണിത്. പാര്‍ട്ടിയുടെ പൊതുസമ്മേളനങ്ങള്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നായിഡുവിന്റെ പത്രസമ്മേളനങ്ങള്‍ തുടങ്ങിയവയൊക്കെ നടത്തിയിരുന്നത് പ്രജാവേദികയില്‍ വച്ചായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക തനിക്ക് ഇത്തവണയും ഉപയോഗിക്കാന്‍ അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് നിലവില്‍ പ്രതിപക്ഷ നേതാവായ നായിഡു മുഖ്യമന്ത്രി ജഗന്‍മോഹന് കത്തുനല്‍കിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ അനക്‌സ് ആയി പ്രജാവേദിക അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യങ്ങളൊന്നും ജഗന്‍മോഹന്‍ പരിഗണിച്ചില്ല. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നായിഡു താമസിച്ചിരുന്ന കൃഷ്ണ നദിയുടെ തീരത്തുള്ള വീടും നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്നു റിപ്പോര്‍ട്ടുകളുണ്ട്.
മുഖ്യമന്ത്രിയായതിനുശേഷം ജില്ലാ കളക്ടര്‍മാരുമായി നടത്തിയ ജഗന്‍മോഹന്റെ ആദ്യ കൂടിക്കാഴ്ച പ്രജാവേദികയില്‍ വച്ചായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍