ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍;കെ.സുരേന്ദ്രന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

 തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെ ടുപ്പില്‍ പത്തനംതിട്ടയില്‍ മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് മാസത്തിനുള്ളില്‍ തന്നെ അംഗത്വ വിതരണം പൂര്‍ത്തിയാക്കി ബി.ജെ.പി ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് കടക്കും. കേരളത്തില്‍ ഇത്തവണ ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതും പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് വഴക്ക് വര്‍ദ്ധിച്ചതും നിലവിലെ അദ്ധ്യക്ഷന് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പൊതുസമ്മതനെന്ന നിലയില്‍ സുരേന്ദ്രനെ തിരഞ്ഞെടുക്കാനാണ് സാധ്യത. ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടും കേരളത്തില്‍ മാത്രം പാര്‍ട്ടി നിലംതൊടാതെ പോയത് കേന്ദ്രനേതൃത്വത്തിന്റെ അനിഷ്ടത്തിന് കാരണമായിട്ടുണ്ട്. ഇതിന് പുറമെ പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും ആര് അദ്ധ്യക്ഷ പദവിയിലെത്തിയാലും മറുഗ്രൂപ്പുകാര്‍ നിസഹകരണം തുടരുമെന്നും കേന്ദ്രനേതൃത്വം കരുതുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ പരമ്പരാഗത നേതാക്കളെ ഇനി അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കേണ്ടെന്നും പുതുമുഖത്തെ ഇറക്കി പരീക്ഷണം നടത്താമെന്നും കേന്ദ്രത്തിന് പദ്ധതിയുണ്ട്. എന്നാല്‍, ശബരിമല പ്രക്ഷോഭത്തില്‍ ദിവസങ്ങളോളം ജയില്‍വാസം അനുഷ്ടിക്കുകയും പത്തനംതിട്ടയില്‍ ഒരുലക്ഷത്തോളം വോട്ടുകള്‍ അധികം പിടിക്കുകയും ചെയ്ത സുരേന്ദ്രന്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നത് നേട്ടമാകുമെന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍