മുന്‍കരുതലുമായി കോഴിക്കോട്; ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോട്: പതിനെട്ടുപേരുടെ ജീവനപഹരിച്ച നിപ്പാ വൈറസ് ആശങ്കയില്‍ വീണ്ടും കോഴിക്കോട്. എറണാകുളം ജില്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കോഴിക്കോട്ടും ജാഗ്രതാമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഡിഎംഒ ഡോ. വി. ജയശ്രീയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കോഴിക്കോട് മെഡിക്കല്‍കോളജില്‍ പ്രത്യേകം ഐസോലേഷന്‍ വാര്‍ഡ് തയാറാക്കി. നിപ്പ ബാധയുടെ സമയത്ത് കോഴിക്കോട്ട് സ്വീകരിച്ച നടപടികക്രമങ്ങളും മുന്‍കരുതലുകളും സംബന്ധിച്ചുള്ള പ്രോട്ടോകോള്‍ എറണാകുളത്തെ അധികൃതര്‍ക്ക് കൈമാറി. കഴിഞ്ഞ വര്‍ഷം ജില്ലയിലെ മലയോരപ്രദേശമായ പേരാമ്പ്ര സൂപ്പിക്കടയിലെ സാലിഹിന്റെ മരണത്തെതുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു തോന്നിയ സംശയമാണു നിപ്പ വൈറസാണു രോഗത്തിനു കാരണമെന്ന് അതിവേഗം തിരിച്ചറിയാന്‍ കാരണമായത്. പനിയാണ് സാലിഹിന്റെ മരണകാരണമെന്നായിരുന്നു പ്രാഥമികനിഗമനം. എന്നാല്‍ വിശദപരിശോധനാ ഫലം പുറത്തുവന്നതോടെ നിപ്പായാണെന്ന് സ്ഥിരീകരിച്ചു. പഴംതീനി വവ്വാലുകളില്‍നിന്നായിരുന്നു നിപ്പയുടെ വരവ്. നിപ്പ ബാധിച്ച 18 പേരില്‍ 16 പേര്‍ മരിച്ചതായാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. എന്നാല്‍ നവംബറില്‍ ബ്രിട്ടിഷ് മെഡിക്കല്‍ ജേണല്‍, ദ ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്നിവയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം 21 പേരാണു മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍