സ്ത്രീകള്‍ക്ക് ബസിലും മെട്രോയിലും ഇനി സൗജന്യ യാത്ര, ചരിത്ര പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വനിതകള്‍ക്ക് പൊതുഗതാഗതം സൗജന്യമാക്കി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രഖ്യാപനം. രാജ്യ തലസ്ഥാനത്തെ ബസുകളിലും മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കാനാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഉത്തരവ് അടുത്തുതന്നെ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു. സ്ത്രീകളുടെ യാത്ര സുരക്ഷിതമാക്കുന്നതിനും പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയുമാണ് ഇത്തരത്തിലൊരു പ്രഖ്യാപനമെന്ന് കേജ്‌രിവാള്‍ പറഞ്ഞു.മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കും. നിര്‍ദേശം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ നിര്‍ദേശവും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.ടി.സി ബസുകള്‍, ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടിമോഡല്‍ സിസ്റ്റത്തിന് കീഴിലുള്ള ക്ലസ്റ്റര്‍ ബസുകള്‍, മെടോ ട്രെയിനുകള്‍ എന്നിവയിലാകും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. അതേസമയം, പ്രഖ്യാപനം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ആക്ഷേപമുണ്ട്. സൗജന്യ യാത്രാ പദ്ധതി ആര്‍ക്കും അധികഭാരം ഉണ്ടാക്കില്ലെന്ന് കേജ്‌രിവാള്‍ പറഞ്ഞു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാന്‍ സാധിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. അവര്‍ക്ക് സബ്‌സിഡിയുടെ ആവശ്യമില്ല. സാമ്പത്തികമായി ശേഷിയുള്ളവര്‍ ടിക്കറ്റ് എടുത്ത് തന്നെ യാത്ര ചെയ്യണം. അത്തരക്കാരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ഇതിന്റെ പ്രയോഗം പാവപ്പെട്ടവര്‍ക്ക് ലഭിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍