അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനം വീണ്ടും പിഴച്ചു: സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സൗദി സഖ്യസേന അറിയിച്ചു. സിറിയന്‍ വംശജനായ ഒരാളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഏഴോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി വ്യക്തമാക്കി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ വിമാനത്താവളത്തിന് നേരെ ആക്രമണം തുടങ്ങിയത്. സൗദി വംശജരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും അടക്കം ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസവും ആശ്രയിക്കുന്ന വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അല്‍ മല്‍ക്കി ആരോപിച്ചു.അതേസമയം, യെമനിലെ ജനവാസ കേന്ദ്രങ്ങളില്‍ സൗദി അറേബ്യ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിട്ടാണ് അബഹ വിമാനം ആക്രമിച്ചതെന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടു. അബഹയിലെയും ജിസാനിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെ വിദൂര നിയന്ത്രിത ആളില്ലാ വിമാനം (ഡ്രോണ്‍) ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഹൂതികളുടെ അല്‍മസൈറാ ടിവി അവകാശപ്പെട്ടു. അബഹ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഒരു ഡ്രോണ്‍ ആക്രമണമുണ്ടായതായി സൗദിയിലെ ടെലിവിഷനുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതികളുടെ ക്രൂസ് മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജ അടക്കം 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ഹൂതികളുടെ അടുത്ത ആക്രമണവുമുണ്ടായിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍