വനിതാ തടവുകാരികള്‍ രക്ഷപ്പെട്ട സംഭവം: ജയില്‍ ഡിഐജി അന്വേഷിക്കും

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നു രണ്ടു വനിതാ തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ജയില്‍ ഡിഐജി സന്തോഷ് അന്വേഷിക്കും. നാളുകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇവര്‍ ജയില്‍ ചാടിയതെന്നാണ് അധികൃതരുടെ റിപ്പോര്‍ട്ട്. അതേസമയം, ഇന്നലെ വൈകുന്നേരം ജയിലില്‍നിന്നും ചാടിയ ശില്‍പ്പ, സന്ധ്യ എന്നി തടവുകാരികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ജയില്‍ ചാട്ടത്തെക്കുറിച്ച് മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു. ജയില്‍ ചാടുന്നതിന് മുമ്പ് ശില്‍പ്പ മറ്റൊരു തടവുകാരിയെ ഫോണ്‍ ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍, നഗരൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലെ റിമാന്‍ഡ് പ്രതികളാണ് ഇവര്‍. സന്ധ്യ മോഷണക്കേസിലും ശില്പ വഞ്ചനാക്കേസിലും ആണ് പ്രതികളായിട്ടുള്ളത്. ഇവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്കും ജയില്‍ ചാടിയ പ്രതികളുടെ ചിത്രം കൈമാറിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍