ബ്രിട്ടീഷ് കോടതിയിലും പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി

ലണ്ടന്‍ : ഇന്ത്യ-പാക് വിഭജനകാലത്തെ തര്‍ക്കങ്ങള്‍ ഇപ്പോഴും ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ തുടരുകയാണ്. വിഭജന സമയത്ത് ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച കോടികള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ച് ഇരു രാഷ്ട്രങ്ങളും വര്‍ഷങ്ങളായി ബ്രിട്ടീഷ് കോടതിയില്‍ വ്യവഹാരത്തില്‍ ഏര്‍പ്പെട്ട് വരികയാണ്. ഈ കേസില്‍ ഇന്ത്യയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. നൈസാമിന്റെ നിലവിലെ പിന്‍ഗാമി ഇന്ത്യയ്ക്ക് അനുകൂലമായതോടെയാണിത്.
1948ല്‍ ഇന്ത്യ-പാക് വിഭജന സമയത്ത് ഹൈദരാബാദ് നൈസാം ബ്രിട്ടനിലെ പാകിസ്താന്‍ ഹൈക്കമ്മിഷണര്‍ക്ക് കൈമാറിയ പത്തുലക്ഷം പൗണ്ടിനെച്ചൊല്ലിയാണ് തര്‍ക്കം തുടങ്ങുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഈ തുകയ്ക്ക് ശതകോടികളുടെ മൂല്യമാണ് കൈവന്നിരിക്കുന്നത്. ഇന്ത്യന്‍ കറന്‍സിയില്‍ മൂല്യം 300 കോടിക്ക് പുറത്ത് വരും. ഹൈദരാബാദ് നൈസാമിന്റെ തുകയുടെ അവകാശികള്‍ തങ്ങളാണെന്ന് പിന്നീട് നൈസാമിന്റെ പിന്‍ഗാമികള്‍ വാദിച്ചു. എന്നാല്‍ തുക നല്‍കാന്‍ പാകിസ്താന്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഹൈക്കോടതിയില്‍ നടന്ന വാദത്തിനിടെ നൈസാമിന്റെ പിന്‍ഗാമി ഇന്ത്യയ്‌ക്കൊപ്പം കക്ഷിചേര്‍ന്നു. ഇതോടെ ഇന്ത്യയുടെ വാദങ്ങള്‍ക്ക് ശക്തികൂടിയിരിക്കുകയാണ്.ഇന്ത്യ പാക് വിഭജനകാലത്ത് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ തുടക്കത്തില്‍ മടികാട്ടിയ ഹൈദരാബാദ് നൈസാം പാകിസ്താനോട് അടുപ്പം പുലര്‍ത്തിയിരുന്നു. എന്നാല്‍ സര്‍ദാര്‍ വല്ലഭായിപട്ടേലിന്റെ സമര്‍ത്ഥമായ നീക്കത്തില്‍ ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍