വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച പുരോഗതി അഭിമാനകരം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ചീമേനി: വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച പുരോഗതി അഭിമാനകരമെന്നും മറ്റുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം എത്രയോ മുന്നിലാണെന്നും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. കയ്യൂര്‍ചീമേനി പഞ്ചായത്ത് വിദ്യാഭ്യാസസമിതിയുടെ ആഭിമുഖ്യത്തില്‍ ചീമേനി ജിഎച്ച്എസ്എസില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങായ വിജയോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്ഥാനത്ത് മാറി മാറി വന്ന സര്‍ക്കാരുകള്‍ എല്ലാം തന്നെ അത്രയേറെ പ്രാധാന്യം വിദ്യാഭ്യാസ പുരോഗതിക്ക് നല്‍കിയിരുന്നു എന്നതും മറക്കാന്‍ പാടില്ലാത്ത കാര്യമാണ്. വികസിത രാജ്യങ്ങളിലെന്ന പോലെ ഒരു ക്ലാസിലെ മുഴുവന്‍ പേരും പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന അവസ്ഥ കേരളത്തിലും ഉണ്ടായിരിക്കുന്നു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ സര്‍ക്കാര്‍ വളരെ ജാഗ്രതയോടെ നേരിട്ട് നടത്തുന്ന പരീക്ഷകളാണ്. ഇതില്‍ 98, 99 ശതമാനം വിജയം കൈവരിച്ചാണ് മിക്ക വിദ്യാര്‍ഥികളും ജയിക്കുന്നത്. ഇത് ഏറെ അഭിമാനകരമാണ്. ഹയര്‍ സെക്കന്‍ഡറി തലം വരെ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായി നല്‍കാന്‍ നമുക്ക് കഴിഞ്ഞു. അത് ഏറെ പ്രയോജനപ്പെടുത്തി ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും ഓരോ വര്‍ഷവും മികച്ച റിസല്‍ട്ട് ഉണ്ടാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു. ആറു പതിറ്റാണ്ട് കൊണ്ട് വിദ്യാഭ്യാസ രംഗത്ത് ലോകത്തിന്റെ നെറുകയിലെത്താന്‍ നമുക്ക് കഴിഞ്ഞു. ഇന്നു ലോകത്തെവിടെയും മലയാളിക്ക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യാന്‍ കഴിയുന്നു. വിജയോത്സവം പോലുള്ള പരിപാടികള്‍ നടത്തുമ്പോള്‍ എല്ലാവര്‍ക്കും ഒരുപോലെ വിദ്യാഭ്യാസത്തിന് അവകാശമില്ലാതിരുന്ന ഇന്നലെകളെക്കുറിച്ചുള്ള സ്മരണ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.എം.രാജഗോപാലന്‍ അധ്യക്ഷതവഹിച്ചു. റിട്ട. എഡിപിഐ സി.രാഘവന്‍ മുഖ്യാതിഥി ആയിരുന്നു. കയ്യൂര്‍ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.ശകുന്തള സ്വാഗതവും വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ കെ.എം.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍