എല്‍.പി, യു.പി സ്‌കൂളുകള്‍ നാല് മാസത്തിനുള്ളില്‍ പൂര്‍ണമായും ഹൈടെക് ആക്കും: മന്ത്രി സി. രവീന്ദ്രനാഥ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ എല്‍.പി, യു.പി സ്‌കൂളുകളും നാലു മാസത്തിനുള്ളില്‍ ഹൈടെക് ആക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 80ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളിലെ യു.പി വിഭാഗം രണ്ട് മാസത്തിനുള്ളില്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തും. ഡിജിറ്റല്‍ സ്‌കൂള്‍ പദ്ധതിക്കായുള്ള 700 കോടിയോളം രൂപയില്‍ 420 കോടിയും എയ്ഡഡ് സ്‌കൂളുകള്‍ക്ക് നല്‍കിയെന്നും സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയെന്നും മന്ത്രി പറഞ്ഞു. വാര്‍ഷികത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതികളുടെ ഫലകം മന്ത്രി മേയര്‍ വി.കെ. പ്രശാന്തിന് കൈമാറി. കഴിഞ്ഞ 15ന് ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയെ മന്ത്രി പൊന്നാടയണിച്ചു. ആര്‍ച്ച് ബിഷപ്പിന്റെ അദ്ധ്യക്ഷതയില്‍ മേയര്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ കലാ സാഹിത്യ സമാജത്തിന്റെ ഉദ്ഘാടനം സിനിമാ നടന്‍ കൊച്ചു പ്രേമന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ.ജോണ്‍ സി.സി, ഫാ.വര്‍ക്കി ആറ്റുപുറത്ത്, ഫാ. ഝോണ്‍ പടിപ്പുരക്കല്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.എസ്. ത്രേസ്യാമ്മ, ഹെഡ്മാസ്റ്റര്‍ എബി എബ്രഹാം, പി.ടി.എ പ്രസിഡന്റ് ജയകുമാര്‍ എ, മദര്‍ പി.ടി.എ പ്രസിഡന്റ് ലൈന വി.ആര്‍ നായര്‍, ഫാ. നെല്‍സണ്‍ വലിയവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍