'കേരളത്തിന്റെ വെള്ള വാഗ്ദാനം തള്ളിയിട്ടില്ല'; നിലപാട് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളം എത്തിച്ചു നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം ചര്‍ച്ച ചെയ്യുമെന്ന് തമിഴ്‌നാട്. കേരളത്തിന്റെ വാഗ്ദാനം തള്ളിയെന്ന പ്രചാരണം ശരിയല്ലെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി അറിയിച്ചു. ഇന്നു ചേരുന്ന യോഗം വാഗ്ദാനം സംബന്ധിച്ചു ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇക്കാര്യം അറിയിച്ച് ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് തമിഴ്‌നാട് നിലപാട് മാറ്റിയത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. 
ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍