കടലാക്രമണം സംസ്ഥാന ദുരന്തമായി കണക്കാക്കി നഷ്ടപരിഹാരം നല്‍കും: മന്ത്രി ചന്ദ്രശേഖരന്‍

 തിരുവനന്തപുരം: സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് കടലാക്രമണം നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കടലാക്രമണം രൂക്ഷമായിടങ്ങളില്‍ അടിയന്തര പ്രതിരോധ സംവിധാനമൊരുക്കും. കടലാക്രമണം ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ ഐ.ഐ.ടി ഡിസൈന്‍ പ്രകാരമുള്ള കടല്‍ഭിത്തി നിര്‍മ്മിക്കും. സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നുള്ള ധനസഹായമുപയോഗിച്ച് മണല്‍ചാക്ക് അടുക്കി താത്കാലിക പ്രതിരോധം സജ്ജമാക്കും.കടലാക്രമണം രൂക്ഷമായിടങ്ങളില്‍ 24മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കി. 20റെസ്‌ക്യൂ ബോട്ടുകളും 80 സീ റെസ്‌ക്യൂ ഗാര്‍ഡുമാരെയും അധികമായി നിയോഗിച്ചു. കടലില്‍ 1500കിലോമീറ്റര്‍ വരെ മത്സ്യത്തൊഴിലാളികള്‍ക്ക് സന്ദേശം നല്‍കാന്‍ ഐ.എസ്.ആര്‍.ഒയുടെ നാവിക് ഉപകരണം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കെല്ലാം ലൈഫ്ജാക്കറ്റ് നല്‍കി. സാറ്റലെറ്റ് ഫോണും സാഗര മൊബൈല്‍ ആപ്ലിക്കേഷനും ജി.പി.എസ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. തീരമേഖലയില്‍ 50മീറ്ററിനകത്തുള്ള താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കരിങ്കല്‍ഭിത്തി നിര്‍മ്മാണത്തിന് പാറ ലഭിക്കാത്തത് പ്രശ്‌നമായതിനാല്‍ ഹ്രസ്വകാല അടിസ്ഥാനത്തില്‍ മണല്‍ നിറച്ച ജിയോട്യൂബുകള്‍ സ്ഥാപിക്കുകയാണ്. ആലപ്പുഴയിലും അമ്പലപ്പുഴയിലും കിഫ്ബി ഫണ്ടുപയോഗിച്ച് പുലിമുട്ട് നിര്‍മ്മിക്കാന്‍ കമ്പനി രൂപീകരിച്ചു. ചെറിയതുറയിലെയും വലിയതുറയിലെയും കടല്‍ഭിത്തി പുതുക്കിപ്പണിയും. വര്‍ക്കലയിലും വലിയതുറയിലും മണല്‍ചാക്കുകള്‍ അടുക്കി താത്കാലിക ബണ്ടുണ്ടാക്കും. വൈപ്പിനില്‍ നാല് പുലിമുട്ടും ചെല്ലാനത്ത് ജിയോട്യൂബും സ്ഥാപിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു. കടല്‍ഭിത്തി നിര്‍മ്മാണത്തിന് കഴിഞ്ഞവര്‍ഷം 12.19കോടിയുടെയും ഇക്കൊല്ലം ഇതുവരെ 159.50ലക്ഷത്തിന്റെയും പദ്ധതികള്‍ നടപ്പാക്കി. വലിയതുറയില്‍ 73ലക്ഷം ചെലവിട്ട് 100മീറ്റര്‍ കടല്‍ഭിത്തി പണിയും. ശംഖുംമുഖം റോഡ് 5കോടി ചെലവിട്ട് പുനര്‍നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.കടല്‍ഭിത്തി നിര്‍മ്മാണത്തിന് പാറ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ക്വാറിയുടമകളുടെ യോഗം വിളിക്കണമെന്ന് വി.എസ്.ശിവകുമാര്‍ ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു. കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ കിഫ്ബിയില്‍ നിന്ന് പണം അനുവദിക്കണം. 27വരെ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായവും സൗജന്യറേഷനും നല്‍കണം. വീടുതകര്‍ന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സ്ഥിരം സംവിധാനമൊരുക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍