പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: ഹൈക്കോടതി

കൊച്ചി: സൗത്ത് വയനാട് വനം ഡിവിഷനു കീഴിലെ ഇക്കോ ടൂറിസം പദ്ധതി പ്രദേശങ്ങളില്‍ എത്ര പേര്‍ക്ക് പ്രവേശിക്കാമെന്നതടക്കം വിലയിരുത്താന്‍ സര്‍ക്കാര്‍ തയാറാക്കുന്ന പഠന റിപ്പോര്‍ട്ട് ആറാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ ഇക്കോ ടൂറിസം പദ്ധതികള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രത്യേക ചട്ടം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ തീരുമാനം. ഇക്കോ ടൂറിസം പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഠനം നടത്തി വരികയാണെന്നു സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. അതേസമയം ഇക്കോ ടൂറിസം പദ്ധതിക്കുവേണ്ടി സ്ഥിരനിര്‍മാണം പാടില്ലെന്നും മറ്റു കാര്യങ്ങളില്‍ ഉപാധികളോടെ അനുമതി നല്‍കാന്‍ കഴിയുമെന്നും വ്യക്തമാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കിയ കത്ത് ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.ഈ ഉപാധികള്‍ കൂടി പരിഗണിച്ച് ഇക്കോ ടൂറിസം പ്രവര്‍ത്തന പദ്ധതിയിലുള്‍പ്പെടുത്തി പകര്‍പ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കാനും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥിരം നിര്‍മാണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമായതിനാല്‍ വന സംരക്ഷണ നിയമം പൂര്‍ണമായും പാലിക്കണമെന്നും കത്തില്‍ പറയുന്നു. വനഭൂമിയെ ഇതിനുവേണ്ടി വനേതര ഭൂമിയായി വിജ്ഞാപനം ചെയ്യരുത്, വനത്തില്‍ മരം മുറിക്കലും പ്രദേശം വെളുപ്പിക്കലും പാടില്ല, സര്‍ക്കാരിതര സംഘടനകള്‍ക്ക് പാട്ടമായോ മറ്റോ വനഭൂ കൈമാറരുത്, സ്ഥിര നിര്‍മാണം അനുവദിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍