ഇറാന്റെ ഭീഷണി നേരിടാന്‍ ഗള്‍ഫിലേക്ക് കൂടുതല്‍ യുഎസ് സൈനികര്‍

വാഷിംഗ്ടണ്‍ ഡിസി: ഇറാനില്‍നിന്നുള്ള ഭീഷണി നേരിടാന്‍ ഗള്‍ഫിലേക്ക് ആയിരം സൈനികരെക്കൂടി അയയ്ക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. ഒമാന്‍ ഉള്‍ക്കടലില്‍ ഈയിടെ രണ്ട് എണ്ണക്കപ്പലുകളുടെ നേര്‍ക്കു നടന്ന ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് ആവര്‍ത്തിച്ച യുഎസ് ഇതു തെളിയിക്കുന്ന പുതിയ വീഡിയോയും ഇന്നലെ പുറത്തുവിട്ടു. ആക്രമണം ഉണ്ടായ ഉടന്‍ പുറത്തുവിട്ട വീഡിയോയ്ക്കു പുറമേയാണിത്. 
കോകുക കറേജിയസ് എന്ന ജാപ്പനീസ് എണ്ണടാങ്കറിനു നേര്‍ക്കു നടന്ന ആക്രമണത്തില്‍ പൊട്ടാതെ കിടന്ന മൈന്‍ പട്രോളിംഗ് നടത്തുന്ന ഇറാന്‍ ബോട്ടിലെ സൈനികര്‍ നീക്കം ചെയ്യുന്ന വീഡിയോയാണു പുറത്തുവിട്ടത്.
ഇതേസമയം ഇറാനെ മനഃപൂ ര്‍വം പ്രകോപിപ്പിച്ച് ഗള്‍ഫില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് അമേരിക്ക പിന്മാറണമെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെര്‍ജി റ്യാബ്‌കോവ് പറഞ്ഞു. യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനെതിരേ ഏറ്റുമുട്ടലിനു യുഎസ് ആഗ്രഹിക്കുന്നില്ലെന്നും മേഖലയിലെ യുഎസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കൂടുതല്‍ സൈനികരെ അയയ്ക്കുന്നതെന്നും പെന്റഗണ്‍ യുഎസ് ആക്ടിംഗ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ അഭ്യര്‍ഥന പരിഗണിച്ചും വൈറ്റ് ഹൗസുമായി കൂടിയാലോചിച്ചുമാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ്എസ് ഏബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനി ഉള്‍പ്പെടെ ഏതാനും യുദ്ധക്കപ്പലുകളും ബി52 ബോംബര്‍ വിമാനങ്ങളും പേട്രിയട്ട് മിസൈലുകളും നേരത്തെ അമേരിക്ക ഗള്‍ഫ് മേഖലയിലേക്ക് അയച്ചിരുന്നു. 
ഹോര്‍മുസ് അടച്ച് എണ്ണക്കച്ചവടം തടയുമെന്ന ഇറാന്‍ ഭീഷണി ഉയര്‍ത്തിയ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. 1500ലധികം യുഎസ് സൈനികര്‍ ഇപ്പോള്‍ ഈ മേഖലയിലുണ്ട്. ഇതിനു പുറമേയാണ് ആയിരം സൈനികരെക്കൂടി അയയ്ക്കുന്നത്.
ആണവക്കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറി ഇറാനെതിരേ ശക്തമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിയാണ് ഗള്‍ഫില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചത്. ജര്‍മനിയും അമേരിക്ക ഒഴികെയുള്ള വന്‍ശക്തികളും ആണവക്കരാറിനെ അനുകൂലിക്കുകയാണ്.
അമേരിക്ക പിന്മാറിയ സ്ഥിതിക്ക് തങ്ങള്‍ കരാര്‍ വ്യവസ്ഥ പാലിക്കാന്‍ ബാധ്യസ്ഥരല്ലെന്നും യുറേനിയം സ്റ്റോക്ക് വര്‍ധിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കരാര്‍ സംരക്ഷിക്കാന്‍ വേണ്ട നടപടിക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇറാന്‍ പത്തുദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍