കഴക്കൂട്ടം ബൈപാസ് ഇന്ന് മുതല്‍ ആറ് മാസത്തേക്ക് അടച്ചിടും

തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് മേല്‍പ്പാലത്തിനായി കഴക്കൂട്ടം ബൈപാസ് ഇന്ന് മുതല്‍ ആറ് മാസത്തേക്ക് അടച്ചിടും. മേല്‍പ്പാല നിര്‍മാണത്തിന്റെ ഭാഗമായാണ് ബൈപാസ് അടച്ചിടുന്നത്. ഇരുവശത്തെയും സര്‍വീസ് റോഡ് വഴി ഗതാഗതം തിരിച്ചുവിടും. മേല്‍പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം ജംഗ്ഷന്‍ മുതല്‍ മുക്കോല വരെയുള്ള 2.7 കിലോമീറ്ററാണ് ആറ് മാസത്തേക്ക് അടച്ചിടുന്നത്. സര്‍വീസ് റോഡ് വഴിയാണ് ഗതാഗതം തിരിച്ചുവിടുന്നത്. ടെക്‌നോപാര്‍ക്കില്‍ പോകേണ്ട വാഹനങ്ങള്‍ പ്രത്യേക യൂ ടേണിലൂടെ ക്രമീകരിച്ചു. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടത് വശത്തെ സര്‍വീസ് റോഡ് ഉപയോഗിക്കണം. കൊല്ലത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആറ്റിന്‍കുഴിയില്‍ നിന്ന് ഇടതുവശത്തേക്ക് പൊകണം. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ക്രമീകരണത്തില്‍ കാര്യമായ ഗതാഗത കുരുക്ക് ഉണ്ടായില്ലെങ്കിലും സ്‌കൂളുകള്‍ തുറക്കുന്നതോടെ ഗതാഗത പ്രശ്‌നം രൂക്ഷമാകുമോയെന്ന ആശങ്കയുണ്ട് ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി 50 പൊലീസുകാരെയും 25 ട്രാഫിക് വാര്‍ഡന്‍മാരെയും കൂടുതല്‍ നിയോഗിച്ചിട്ടുണ്ട്. ഈ മാസം മൂന്ന് മുതലാണ് ബൈപാസ് പരീക്ഷണാടിസ്ഥാനത്തില്‍ അടച്ചിട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍