കോഴിക്കോടിന്റെ ഓട്ടോപെരുമ നിലനിറുത്താന്‍ പോലീസ് ഇടപെടുന്നു

കോഴിക്കോട്: കോഴിക്കോടിന്റെ ഓട്ടോ പെരുമ നിലനിറുത്താന്‍ പോലീസ് ഇടപെടുന്നു. നഗര പരിധിയിലെ ഓട്ടോ ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പാശ്ചാത്തലം പോലീസ് പരിശോധിക്കും. ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി പോലീസ് നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. കോഴിക്കോട്ടെ ഓട്ടോറിക്ഷകളെക്കുറിച്ച് നല്ല മതിപ്പാണെങ്കിലും അടുത്ത കാലത്തായി മറ്റ് സ്ഥലങ്ങളില്‍ നിന്ന് കോഴിക്കോട് എത്തി ഓട്ടോ ഓടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇവര്‍ കോഴിക്കോടിന്റെ ഓട്ടോ പെരുമയ്ക്ക് കളങ്കം വരുത്തുന്നതിന് പുറമെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇടപെടാന്‍ പോലീസ് തീരുമാനിച്ചത്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഭിന്നമായി കോഴിക്കോട്ടെ ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഇതിന് എല്ലാ പിന്തുണയും നല്‍കി മാതൃകയാവുകയായിരുന്നു.
ഇതിന്റെ ഭാഗമായി സിറ്റിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഓട്ടോ സ്റ്റാന്റുകളെ ഉള്‍പ്പെടുത്തി ഒരു വാട്‌സ് അപ്പ് ഗ്രൂപ്പ് ആരംഭിക്കും. ഇതില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അഡ്മിന്‍മാരായിരിക്കും.കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പങ്ക് വയ്ക്കണം. നഗരത്തിലെ മുഴുവന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും സൗജന്യ മെഡിക്കല്‍ ചെക്കപ്പ് നടത്തും.ഓട്ടോ ഡ്രൈവര്‍മാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സ്ട്രസ് മാനേജ്‌മെന്റ് ക്‌ളാസുകള്‍ സംഘടിപ്പിക്കുവാനും ധാരണയായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍