പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

നെടുങ്കണ്ടം കസ്റ്റഡി മരണം

ജയിലുകളില്‍ പരിശോധന കര്‍ശനമാക്കും.

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടത്ത് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കസ്റ്റഡി മരണത്തെയും സര്‍ക്കാര്‍ ന്യായീകരിക്കില്ല. ഉത്തരവാദി ആരായാലും കര്‍ശന നടപടിയുണ്ടാകുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് മര്‍ദനത്തില്‍ മറുപടി പറയേണ്ടിവന്നത് വിധി വൈപരീത്യമെന്നും അടിയന്തരാവസ്ഥയുടെ വാര്‍ഷികം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് ഫോണുകളും ലഹരി വസ്തുക്കളും പിടിച്ചെടുത്ത സംഭവത്തില്‍ ജയിലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ജയിലുകളില്‍ അന്തരീക്ഷത്തിന് ചേരാത്ത പലതും നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധന കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയിലുകളില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ജയില്‍ ഗേറ്റുകളുടെ സുരക്ഷ സ്‌കോര്‍പിയോണ്‍ സംഘത്തിന് നല്‍കുമെന്നും ജയിലുകളില്‍ ജാമറുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി. കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഫോണുകളും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും പിടികൂടിയത്. ജയില്‍ മേധാവി ഋഷിരാജ് സിംഗാണ് റെയ്ഡിന് തുടക്കം കുറിച്ചത്. 
ഇതിനിടെ അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് രണ്ടു തടവുകാര്‍ രക്ഷപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍