'വായു' ചുഴലിക്കാറ്റ് രൂപം കൊണ്ടു, തിരുവനന്തപുരത്ത് ശക്തമായ കടല്‍ക്ഷോഭം

തിരുവനന്തപുരം : അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടു. 'വായു' എന്നാണ് ചുഴലികൊടുങ്കാറ്റിന് പേര് നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിനൊപ്പം ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുജറാത്ത് തീരത്തെ ലക്ഷ്യമിട്ടാണ് വായൂ നീങ്ങുന്നത്. കേരളത്തിലെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ കനത്ത മഴയുണ്ടാകും. ഉരുള്‍പൊട്ടലുണ്ടാവുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് രാത്രിയാത്രകള്‍ ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭമുണ്ടായി. നിരവധി വീടുകള്‍ അപകടാവസ്ഥയിലാണ്. കൊല്ലം എറണാകുളം ജില്ലയിലും തീരപ്രദേശത്ത് ഉയര്‍ന്ന തിര കരയിലേക്ക് കയറുന്നുണ്ട്. ശക്തമായ കാറ്റില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. തെക്കന്‍ കേരളത്തില്‍ കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറായി കനത്ത മഴയാണ് ലഭിച്ചത്. സംഭരണശേഷിയിലും അധികമായി ജലം നിറഞ്ഞതിനെ തുടര്‍ന്ന് അരുവിക്കര ഡാമിലെ ഷട്ടര്‍ തുറന്നിരുന്നു. കരമനയാറിന് ഇരുവശങ്ങളിലായി താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍