ചുട്ടുപൊള്ളി ഉത്തരേന്ത്യ

ന്യൂഡല്‍ഹി: ഉത്തരേന്ത്യയെ ചുട്ടുപൊള്ളിച്ചും ജനജീവിതം ദുഃസഹമാക്കിയും കടുത്ത ചൂട്. രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നാലു ദിവസവും ഡല്‍ഹി, യുപി, ചണ്ഡിഗഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ അടുത്ത രണ്ടു ദിവസവും കടുത്ത ഉഷ്ണം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രണ്ടു ദിവസം തുടര്‍ച്ചയായി കൂടിയ താപനില 45 ഡിഗ്രി സെല്‍ഷസിനു മുകളില്‍ തുടരുന്ന സാഹചര്യമാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. ഇന്നലെ കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില മേഖലകളിലും കടുത്ത ഉഷ്ണ തരംഗം അനുഭവപ്പെട്ടു. ജൂണ്‍ ഒന്നിന് രാജ്യത്തെ കൂടിയ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ഡല്‍ഹി തുടങ്ങിയവിടങ്ങളില്‍ മൂന്നുദിവസത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സൂര്യാഘാതം മൂലം രണ്ടുപേര്‍ മരിച്ച രാജസ്ഥാനില്‍ 26 ജില്ലകളിലും അടുത്ത അഞ്ച് ദിവസംകൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സിക്കര്‍, ബന്‍സവാര ജില്ലകളിലാണ് സൂര്യാഘാതമേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്തത്. യുപിയില്‍ ഒരാളും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. രാജസ്ഥാനിലെ ചുരുവില്‍ രേഖപ്പെടുത്തിയ 50.8 ഡിഗ്രി സെല്‍ഷസ് ആണ് കൂടിയ താപനില. കുറഞ്ഞ ശരാശരി താപനില 30.8 ഡിഗ്രി സെല്‍ഷസാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍