പ്രകൃതിദത്ത റബര്‍ ഉപയോഗം ഒന്‍പതു ശതമാനം കൂടിയെന്നു ബോര്‍ഡ്

കോട്ടയം: ഇന്ത്യയിലെ പ്രകൃതിദത്ത റബര്‍ ഉപയോഗത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒമ്പതു ശതമാനം വര്‍ധനയുണ്ടായതായി റബര്‍ ബോര്‍ഡ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. കെ.എന്‍. രാഘവന്‍. 2017-2018 സാമ്പത്തിക വര്‍ഷം 11,12,210 ടണ്‍ ആയിരുന്ന പ്രകൃതിദത്ത റബറിന്റെ ഉപയോഗം 2018-19ല്‍ 12,11,940 ടണ്ണായി വര്‍ധിച്ചു. ലഭ്യമായ കണക്കുകളനുസരിച്ചു പ്രകൃതിദത്ത റബറിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ ഉത്പാദനം 6,48,000 ടണ്ണാണ്. മുന്‍ സാന്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 6.6 ശതമാനത്തിന്റെ കുറവാണ് റബര്‍ ഉത്പാദനത്തില്‍ ഉണ്ടായിട്ടുള്ളത്. റബറുത്പാദനം 2017-18ല്‍ 6,94,000 ടണ്‍ ആയിരുന്നു. 2018-19ലെ പ്രതീക്ഷിത ഉത്പാദനം 7,30,000 ടണ്ണായിരിക്കുമെന്നാണ് ആദ്യം കണക്കാക്കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും തുടര്‍ന്ന് കാണപ്പെട്ട കടുത്ത ഇലകൊഴിച്ചില്‍ രോഗവും മൂലം തോട്ടങ്ങളില്‍നിന്നു പ്രതീക്ഷിച്ച അത്രയും ഉത്പാദനം ലഭിച്ചില്ല. കേരളത്തില്‍ റബര്‍ ഉത്പാദനപ്രോത്സാഹന പദ്ധതി തുടരുന്ന സാഹചര്യത്തില്‍ 201920ലെ റബറുത്പാദനം 7,50,000 ടണ്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019-20ല്‍ പ്രകൃതിദത്ത റബറിന്റെ ഉപയോഗം 12,70,000 ടണ്ണില്‍ എത്തുമെന്നാണ് പ്രതീക്ഷ. 2018-19ല്‍ 24 ശതമാനം വര്‍ധനയുണ്ട്. ഇതില്‍ 70 ശതമാനവും ഡ്യൂട്ടി പെയ്ഡ് ചാനല്‍ വഴിയായിരുന്നു. ഇറക്കുമതിയുടെ 81 ശതമാനവും ബ്ലോക്കുറബര്‍ ആണ്. ആഭ്യന്തരകമ്പോളത്തിലെ റബറിന്റെ കുറഞ്ഞ ലഭ്യത, അന്താരാഷ്ട്ര ബ്ലോക്കുറബറും ആഭ്യന്തര ഷീറ്റു റബറും തമ്മിലുള്ള വിലവ്യത്യാസം എന്നിവയാണ് ഇറക്കുമതിയില്‍ വര്‍ധനയ്ക്കു കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രകൃതിദത്തറബറിന്റെ ഇറക്കുമതി 582.381 ടണ്ണായിരുന്നു. 2019-20ല്‍ ഇത് 500,000 ടണ്‍ ആയിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. റബറിന്റെ കയറ്റുമതി 2018-19ല്‍ 4,551 ടണ്‍ ആയിരുന്നു. റബറിന്റെ സ്റ്റോക്ക് 2019 മാര്‍ച്ച് അവസാനം 2,87,000 ടണ്‍ ആണെന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്. എങ്കിലും വിപണനത്തിന് പറ്റുന്ന തരത്തില്‍ 1,27,000 ടണ്‍ റബറാണ് സ്റ്റോക്കുണ്ടായിരുന്നത്. എഎന്‍ആര്‍പിസി (അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പൊഡ്യൂസിംഗ് കണ്‍ട്രീസ്)യുടെ കണക്കുകളനുസരിച്ച് 2019ലെ പ്രകൃതിദത്ത റബറുത്പാദനം 1.408 കോടി ടണ്‍ ആയിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍