ചര്‍ച്ചകള്‍ക്ക് തയാറായി ഇമ്രാന്‍ ഖാന്‍; പറ്റില്ലെന്ന് ഇന്ത്യ

 ബിഷ്‌കെക്: ഇന്ത്യ -പാക്കിസ്ഥാന്‍ ബന്ധം ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.കശ്മീര്‍ ഉള്‍പ്പെടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനു ലഭിച്ച വലിയ ജനവിധി ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും ഇമ്രാന്‍ പറഞ്ഞു. കിര്‍ഗിസ്ഥാ നിലെ ബിഷ്‌ഹേക്കില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ സമിതി (എസ്സിഒ) ഉച്ചകോടിക്ക് പുറപ്പെടുമുമ്പ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്പുട്‌നിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഇക്കാര്യം പറഞ്ഞത്. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ നേതൃത്വവുമായി സംസാരിക്കുന്നതിനുള്ള മികച്ച അവസരമായാണ് ബിഷ്‌കെക് ഉച്ചകോടിയെ കാണുന്നതെന്നും ഇമ്രാന്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം താഴ്ന്ന നിലയിലാണ്. പാക്കിസ്ഥാന്‍ അതിന്റെ അയല്‍ക്കാരുമായി പ്രത്യേകിച്ച് ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത് ഇമ്രാന്‍ പറഞ്ഞു. എന്നാല്‍ പാക്കിസ്ഥാനുമായി ഉടന്‍ ചര്‍ച്ചകള്‍ക്ക് തയാറല്ലെന്ന നിലപാടിലാണ് ഇന്ത്യ. പാക്കിസ്ഥാന്‍ സമീപനത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഭീകരവാദത്തെ രാജ്യ നയമായാണ് അവര്‍ പിന്തുടരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) ഉച്ചകോടിക്ക് മുന്നോ ടിയായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മോദി നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്ക് പറ്റിയ അന്തരീക്ഷമല്ലെന്നും മോദി പറഞ്ഞു.പൊതുതെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ പ്രധാനമന്ത്രിക്കസേരയില്‍ കൂടുതല്‍ കരുത്തനായശേഷം മോദി പങ്കെടുക്കുന്ന ആദ്യത്തെ ഉച്ചകോടിയാണു ഷാങ്ഹായിലേത്. ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്പത്തികസുരക്ഷാ കൂട്ടായ്മയാണ് എസ്സിഒ. എസ്സിഒ സമ്മേളനത്തിനായി കിര്‍ഗിസ്ഥാന്‍ തലസ്ഥാനത്ത് ഇന്നലെയാണ് മോദി എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍