രാഹുല്‍ ഉറച്ചുതന്നെ; കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റിനെ പരിഗണിക്കുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതോടെ പകരം സംവിധാനം ഏര്‍പ്പെടുത്താനായി മുതിര്‍ന്ന നേതാക്കളുടെ നീക്കം. ഇടക്കാല പ്രസിഡന്റിനെ നിയമിച്ച് പ്രതിസന്ധി തരണം ചെയ്യുന്നതിനെക്കുറിച്ചാണ് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നത്. അതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നു പടിയിറങ്ങുകയാണെന്നു പ്രഖ്യാപിച്ചത്. പ്രവര്‍ത്തക സമിതി ഏകകണ്‌ഠേന ഈ തീരുമാനം തള്ളിയെങ്കിലും രാഹുല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നു ഒരാളെ അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുക്കണമെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ രാഹുല്‍ മുന്നോട്ടു വച്ചതായാണു വിവരം.കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി രാഹുല്‍ അധ്യക്ഷ പദവിയില്‍ തുടരുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ക്കുള്ളത്. എന്നാല്‍, രാഹുല്‍ രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. സുപ്രധാന പാര്‍ട്ടി തീരുമാനങ്ങളെടുക്കുന്നതിനായി മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുകയും ഈ സമിതിയുടെ അധ്യക്ഷനായി ഇടക്കാല പ്രസിഡന്റിനെ നിയമിക്കാനുമുള്ള സാധ്യതകളും ആരായുന്നുണ്ട്. പാര്‍ട്ടി ഭരണഘടനയില്‍ ഇതിന് വകുപ്പുണ്ടോ എന്നാണ് ഇപ്പോള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത ആഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനാല്‍ കോണ്‍ഗ്രസിന് ലോക്‌സഭ കക്ഷി നേതാവിനെയും തെരഞ്ഞെടുക്കേണ്ടതുണ്ട്. രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പാര്‍ട്ടിയെ നയിക്കണമെന്നും ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍