പ്രളയ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മൂന്നുവര്‍ഷം വേണ്ടിവരുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ പുനര്‍മാണപ്രവര്‍ത്തനം ദീര്‍ഘകാല പ്രക്രിയയാണെന്നും ദുരന്തത്തെ മറികടക്കുന്ന ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ മൂന്നു വര്‍ഷമെങ്കിലും ആവശ്യമായി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 
മൂന്നു ഘട്ടങ്ങളായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകൊണ്ടു തുകയുടെ വിന്യാസവും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ചെലവഴിക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 
പ്രളയ പുനര്‍നിര്‍മാണത്തിനായി രൂപവത്കരിച്ച ആര്‍കെഐയുടെ (റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്) ചിഹ്നം ഒച്ചിന്റെതാക്കണമെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രളയബാധിതരോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. 
പ്രളയ പുനര്‍നിര്‍മാണ വിലയിരുത്തലില്‍ ഒരു തരത്തിലുള്ള പാളിച്ചയും ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. അപ്പീല്‍ നല്‍കാനുള്ള സമയപരിധി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. തകര്‍ന്ന വീടുകളുടെ നഷ്ടം രേഖപ്പെടുത്താന്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയേയും സര്‍ക്കാര്‍ നിയോഗിച്ചിട്ടില്ല. 
എന്‍ജിനിയറിംഗ് വൈദഗ്ധ്യമുള്ളവരെയാണ് ഇതിനായി നിയോഗിച്ചത്. ഉദ്യോഗസ്ഥര്‍ക്കു പദ്ധതിയുടെ ചുമതല പൂര്‍ണമായി ഏല്‍പിച്ചിട്ടില്ല. നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍തന്നെയാണ് എടുക്കുന്നത്. നടപ്പാക്കുന്നതു മാത്രമാണ് ഉദ്യോഗസ്ഥര്‍ക്കു ചെയ്യാനുള്ളത്. 
പ്രളയത്തില്‍ സംസ്ഥാനത്തിന് 31,000 കോടിയോളം രൂപയാണ് നഷ്ടമുണ്ടായത്. പാരിസ്ഥിതികമായ ആഘാതം കൂടി കണക്കിലെടുത്താല്‍ നഷ്ടം ഇതിലേറെ കൂടുകയും തലമുറകളോളം നീണ്ടുനില്‍ക്കുകയും ചെയ്യും എന്നാണ് വിലയിരുത്തിയിരുന്നത്. പ്രളയത്തിനു ശേഷം സഹായമായ 10,000 രൂപ 6.9 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. പൂര്‍ണമായി തകര്‍ന്ന 15,324 വീടുകളില്‍ 5422 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സ്വന്തമായി വീട് നിര്‍മിക്കാന്‍ സന്നദ്ധരായ 10,426 പേരില്‍ 9,967 പേര്‍ക്കു സഹായം നല്‍കി. വീട് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗഡുക്കളായാണ് സഹായം നല്‍കുന്നത്. പൂര്‍ണമായി തകര്‍ന്ന കേസുകളില്‍ അപ്പീലുകളായി ലഭിച്ച 34,768 എണ്ണത്തില്‍ 34,275 എണ്ണം തീര്‍പ്പാക്കി. ഭാഗികമായി തകര്‍ന്ന 2,54,260 കേസുകളില്‍ 2,40,738 കേസുകളും തീര്‍പ്പാക്കി. 
അപ്പീലായി ലഭിച്ച 1,02,479 കേസുകളില്‍ 1,01,878 കേസുകളും തീര്‍പ്പാക്കിക്കഴിഞ്ഞു. 3,54,810 കര്‍ഷകര്‍ക്കായി 1,651 കോടി രൂപ സര്‍ക്കാര്‍ വിതരണം ചെയ്തു. ഇതിനു പുറമെ 2,38,376 കര്‍ഷകര്‍ക്ക് ദേശീയ ദുരന്തപ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ചുള്ള സഹായവും നല്‍കി. 
വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ 1,52,350 കുടുംബങ്ങള്‍ക്ക് 51 കോടി രൂപ വിതരണം ചെയ്തു. നെല്ലും പച്ചക്കറിയും വിത്തുകളും പുതുതായി കൃഷിയിറക്കാനായി സര്‍ക്കാര്‍ നല്‍കി.
ദുരിതാശ്വാസനിധിയിലെയും ആര്‍കെഐയ്ക്കു ലഭിക്കുന്ന ലോക ബാങ്ക് വായ്പയും വിനിയോഗിച്ച് ആലപ്പുഴചങ്ങനാശേരി എലിവേറ്റഡ് ഹൈവേ, ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് നിര്‍മാണം. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ ഭവനനിര്‍മാണ പദ്ധതി, പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം എന്നിവ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍