ഓരോ ദിവസവും വേദനയോടെ: കുമാരസ്വാമി

ബംഗളൂരു: ഓരോ ദിവസവും കടന്നുപോകുന്ന വേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. സര്‍ക്കാരിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും നല്ലരീതിയില്‍ മുന്നോട്ടുകോണ്ടുപോകേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യ സര്‍ക്കാരില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ തുറന്നുപറച്ചില്‍.
''നിങ്ങളുടെ പ്രതീക്ഷകള്‍ നടപ്പിലാക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. എനിക്കത് നിങ്ങളുമായി പങ്കുവയ്ക്കണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല. കാരണം, എനിക്ക് ഇവിടത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. സര്‍ക്കാരിനെ നല്ലരീതിയില്‍ കൊണ്ടുപോകണം. ' കുമാരസ്വാമി പറഞ്ഞു.
സഖ്യസര്‍ക്കാരിലെ വിള്ളലുകളെക്കുറിച്ച് ഇതാദ്യമായല്ല കുമാരസ്വാമി തുറന്നുപറയുന്നത്. സഖ്യസര്‍ക്കാരിന്റെ വിഷമതകളെല്ലാം പരമശിവനെപ്പോലെ താന്‍ വിഴുങ്ങുകയാണെന്നും, മുഖ്യമന്ത്രിപദവി പൂക്കള്‍കൊണ്ട് നിറഞ്ഞതല്ല, കല്ലുകള്‍കൊണ്ട് നിറഞ്ഞതാണെന്നും മുമ്പ് രണ്ട് തവണ കുമാരസ്വാമി പറഞ്ഞിരുന്നു. അതേസമയം, പ്രശ്‌നങ്ങള്‍ തുടരുമ്പോഴും ബി.ജെ.പിക്കെതിരെ ഒന്നിച്ചു നില്‍ക്കാനാണു സഖ്യത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ജെ.ഡി.എസിനും നേരിട്ട കനത്ത പരാജയത്തിനു ശേഷമാണ് സര്‍ക്കാരിലെ ഭിന്നതകള്‍ മറനീക്കി പുറത്തുവന്നത്. ഇരുപാര്‍ട്ടികള്‍ക്കും ഓരോ സീറ്റ് വീതമാണ് തിരഞ്ഞെടുപ്പില്‍ നേടാനായത്. ആകെയുള്ള 28 സീറ്റില്‍ 25 ലും ബി.ജെ.പിക്കായിരുന്നു കര്‍ണാടകയില്‍ വിജയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍