വായു' ഭീതിയില്‍ ഗുജറാത്ത്, മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചു; തീരമേഖലയില്‍ അതീവ ജാഗ്രത

ഗാന്ധിനഗര്‍: അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതിനെ തുടര്‍ന്ന് ഗുജറാത്തിന്റെ തീരമേഖലയില്‍ അതീവ ജാഗ്രത. അടിയന്തര സാഹചര്യം കണക്കിലെടുത്ത് തിരദേശ ജില്ലയില്‍നിന്നു മുന്നുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. നാളെ പുലര്‍ച്ചയോടെ തീരം തൊടുന്ന വായു ചുഴലിക്കാറ്റ് പോര്‍ബന്തര്‍, ബഹുവദിയു, വേരാവല്‍, മഹുവ, ദിയു എന്നി തീരപ്രദേശങ്ങളില്‍ വീശിയടിക്കുമെന്നാണു മുന്നറിയിപ്പ്. കര നാവിക തീരസംരക്ഷണ സേനകളെ ഗുജറാത്ത് തീരത്തു വിന്യസിച്ചു. വ്യോമസേനയുടെ സി17 വിമാനം ജമുനാനഗര്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ വൈദ്യസംഘത്തെയും സജ്ജമാക്കി. കേരളം വായു ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ ഇല്ല. എന്നാല്‍, ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ ചില ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ 13 വരെ കടലില്‍ പോകരുത്. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്തു തിരിച്ചെത്തണം.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വ്യാഴാഴ്ചയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ചയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ചയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍