ദേശീയപാത വികസനം: കേരളത്തിനെ മുന്‍ഗണനാ പട്ടികയില്‍ നിന്നും മാറ്റിയ ഉത്തരവ് റദ്ദാക്കി

ന്യൂഡല്‍ഹി: ദേശീയപാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും മാറ്റിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ സംസ്ഥാനത്തെ ദേശീയപാത വികസനം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് ദേശീയപാത അഥോറിറ്റി രാജ്യത്തെ ദേശീയപാത വികസനം രണ്ടു തട്ടാക്കി തിരിച്ചത്. ഇതില്‍ രണ്ടാം ഭാഗത്തായിരുന്നു കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ ഈ നടപടി സംസ്ഥാനത്തെ ദേശീയപാത വികസനം പിന്നോട്ടടിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി നേരിട്ട് കണ്ട് ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ തലത്തിലും കേരളം ഈ ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് ഉപരിതല ഗതാഗതവകുപ്പ് ഉത്തരവ് റദ്ദാക്കാന്‍ ദേശീയപാത അഥോറിറ്റിയോട് ആവശ്യപ്പെട്ടത്.കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് കേരളം ഏറെ മുന്നോട്ടുപോയ സാഹചര്യത്തിലായിരുന്നു തിരിച്ചടിയായി അഥോറിറ്റിയുടെ ഉത്തരവെത്തിയത്. ഇതോടെ സംസ്ഥാനത്തെ ദേശീയപാത വികസനം സ്തംഭിക്കുമെന്ന നിലയായി.ഭൂമിയേറ്റെടുക്കലിനുള്ള ചിലവ് വന്‍തോതില്‍ വര്‍ധിച്ചതോടെയാണ് രാജ്യവ്യാപകമായി മുന്‍ഗണനാക്രമം നിശ്ചയിച്ചതെന്നായിരുന്നു ദേശീയപാത അഥോറിറ്റിയുടെ വാദം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍