ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില ഉറപ്പാക്കുന്നതിനായി ഭൂവുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു

വടക്കഞ്ചേരി: കണ്ണമ്പ്രയില്‍ വ്യവസായ പാര്‍ക്കിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില ഉറപ്പാക്കുന്നതിനായി ഭൂവുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. 
കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് ജയിംസ് പാറയിലിന്റെ നേതൃത്വത്തിലാണ് സ്വന്തംഭൂമി അന്യാധീനപ്പെടാതിരിക്കാന്‍ കര്‍ഷകര്‍ കോടതിയെ ശരണംപ്രാപിച്ചിട്ടുള്ളത്.
ഭൂമി ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തിലാക്കാതെ ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുക, ഒരേ സ്വഭാവമുള്ള ഭൂമി തന്നെ തരംതിരിച്ച് വില നിശ്ചയിക്കുന്ന സമീപനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍കൂടി മുന്നോട്ടുവച്ചാണ് കോടതിയെ സമീപിച്ചിട്ടുള്ളതെന്ന് കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് ജയിംസ് പാറയില്‍ പറഞ്ഞു.
കണ്ണമ്പ്ര ഒന്ന് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 36ല്‍പെട്ട 475 ഏക്കര്‍ ഭൂമിയാണ് വ്യവസായപാര്‍ക്കിനായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 310 ഏക്കര്‍ ഭൂമിയാണ് ആദ്യഘട്ടമെന്ന നിലയില്‍ ഏറ്റെടുക്കല്‍ നടപടി നടക്കുന്നത്. 170 കര്‍ഷകരുടേതാണ് ഈ ഭൂമി.
തൃശൂര്‍പാലക്കാട് ദേശീയപാതയോടു ചേര്‍ന്നുള്ള മേരിഗിരി, കല്ലിങ്കല്‍പാടം, പന്തലാംപാടം, വാളവുച്ചപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റെടുക്കുന്ന ഭൂമി പരന്നുകിടക്കുന്നത്.
റബര്‍തോട്ടങ്ങള്‍ ഉള്‍പ്പെടെ വാഴയും തെങ്ങും കവുങ്ങും കുരുമുളകുമായി വിളകള്‍ നിറഞ്ഞ ഏതുവേനലിലും നല്ല നീരുറവയുള്ള പ്രദേശമാണ് ഇതെല്ലാം.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 2016 ജൂലൈ 16നാണ് മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയില്‍ ഭൂവുടമകളുടെ പ്രഥമയോഗം കണ്ണമ്പ്രയില്‍ നടന്നത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂവുടമകളുടെ പരാതികള്‍ക്കു പരിഹാരംകണ്ട് ഏറ്റവും ലിബറലായ സമീപനമാകും സ്വീകരിക്കുകയെന്നാണ് അന്നത്തെ യോഗത്തില്‍ മന്ത്രി വിശദീകരിച്ചത്.
ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത രീതിയില്‍ ഭൂമിക്ക് നാമമാത്രവില നല്കിയാകില്ല ഭൂമി ഏറ്റെടുക്കുകയെന്നും മന്ത്രി ഭൂവുടമകള്‍ക്ക് ഉറപ്പു നല്കിയിരുന്നതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
മാര്‍ക്കറ്റ് വിലയേക്കാള്‍ കുറയാത്ത വില ഉറപ്പിക്കാമെന്ന് മന്ത്രിപറഞ്ഞ വാക്ക് പിന്നീടുണ്ടായ ഭൂവില നിശ്ചയ ചര്‍ച്ചകളിലൊന്നും ഉണ്ടായില്ലെന്നാണ് ഭൂവുടമകള്‍ പറയുന്നത്. ഏതുവിധേനയും ഭൂമി പിടിച്ചെടുക്കുകയെന്ന സ്ഥിതിയിലേക്ക് നടപടി നീങ്ങുന്നുവെന്ന സ്ഥിതിയിലെത്തിയപ്പോഴാണ് നീതിക്കായി കോടതിയെ സമീപിച്ചിട്ടുള്ളതെന്നും കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് ജയിംസ് പാറയില്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍