കണ്ണനെ തൊഴുതു, താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി മോദി

പ്രധാനമന്ത്രി ഗുരുവായൂരില്‍ 

ബി.ജെ.പിയുടെ പൊതുപരിപാടിയില്‍ പങ്കെടുത്തു


തൃശൂര്‍: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി ക്ഷേത്ര ദര്‍ശനം നടത്തി. കൊച്ചിയില്‍ നിന്ന് രാവിലെ 9.45ന് ഹെലികോപ്റ്ററില്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി 10നാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍ പ്രധാനമന്ത്രി എട്ട് വഴിപാടുകളാണ് നടത്തിയത്. അഹസ്, മുഴുക്കാപ്പ് കളഭം, താമര കൊണ്ട് തുലാഭാരം, പാല്‍പ്പായസം, അപ്പം, അട, അവില്‍, ഉണ്ടമാല എന്നിവയാണ് വഴിപാടുകള്‍.
ക്ഷേത്രം കിഴക്കേഗോപുരകവാടത്തില്‍ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. കണ്ണനെ തൊഴുത് സോപാനപ്പടിയില്‍ കാണിക്ക സമര്‍പ്പിച്ച പ്രധാനമന്ത്രി ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം വഴിപാടും നടത്തി. തുലാഭാരത്തിനുള്ള 110 കിലോ താമര ഇന്നലെ രാത്രി ക്ഷേത്രത്തില്‍ എത്തിച്ചിരുന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ രാവിലെ ഏഴ് മുതല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയും വരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കിഴക്കേ നടയില്‍ രാവിലെ ഏഴ് മുതല്‍ ബാരിക്കേഡ് വഴി പ്രവേശനം നിയന്ത്രിച്ചിരുന്നു. രാവിലെ എട്ടിന് പൊലീസ് വിന്യാസത്തിന് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം,ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഇതു രണ്ടാം തവണയാണ് മോദി ഗുരുവായൂര്‍ ദര്‍ശനം നടത്തുന്നത്.നേരത്തെ രണ്ടാംവട്ടം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗുരുവായൂരില്‍ എത്തിയത്.
ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തുന്ന നാലാമത്തെ പ്രധാന മന്ത്രിയാണ് മോദി.ഇന്ദിരഗാന്ധി,രാജീവ് ഗാന്ധി,നരസിംഹ റാവു എന്നിവരാണ് മറ്റുള്ളവര്‍.ഗുരുവായൂര്‍ ദര്‍ശനത്തിനുശേഷം മോദി ശ്രീകൃഷ്ണ എച്ച്.എസ് .എസിലെ പൊതുപരിപാടിയില്‍ പങ്കെടുത്തു.ബി.ജെ.പിയുടെ അഭിനന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും.വിശ്രമശേഷം രണ്ടുമണിക്ക് ഡല്‍ഹിയിലേക്ക് മടങ്ങും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍