പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം: ലോഡ്ജുകളില്‍ മുറികൊടുക്കുന്നതിന് നിയന്ത്രണം

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ സുരക്ഷ ശക്തം. നാളെ ഉച്ചയ്ക്ക് 12നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര ദര്‍ശനത്തിനായി ഗുരുവായൂരി ലെ ത്തുക. നാളെ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മുറി നല്‍കുന്നതിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ ലോഡ്ജുടമകളെയും ഉത്തരവാദിത്വപ്പെട്ട ജീവനക്കാരെയും ഉള്‍പ്പെടുത്തി പൊലീസ് യോഗം വിളിച്ചു. ഗുരുവായൂരില്‍ മൊത്തം 140 ലോഡ്ജുകളാണുള്ളത്. ക്ഷേത്രപരിസരത്തുമാത്രം 60 ഓളം ലോഡ്ജുകളുണ്ട്. ക്ഷേത്രപരിസരത്തും ഇന്നര്‍ റിംഗ് റോഡുകളിലുമുള്ള ലോഡ്ജുകള്‍ക്കായിരിക്കും നിയന്ത്രണം കൂടുതല്‍ ബാധകമാകുക. പ്രധാനമന്ത്രിയുടെ വാഹനം വരുന്ന റോഡുകള്‍ക്കു സമീപമുള്ള ലോഡ്ജുകളില്‍ പുറത്തേക്ക് മുഖമുള്ള മുറികള്‍ താമസത്തിന് കൊടുക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. അന്നേദിവസം മുറിയെടുക്കാന്‍ വരുന്നവരുടെ മുഴുവന്‍ വിവരങ്ങളും സൂക്ഷിക്കണം. എല്ലാ ലോഡ്ജുകളിലും നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. മുറിയെടുക്കാന്‍ വരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും വാങ്ങിവയ്ക്കണം. എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ അടിയന്തരമായി പൊലീസിനെ അറിയിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
ഗുരുവായൂര്‍ എ.സി.പി: ബിജുരാജിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഗുരുവായൂര്‍ സി.ഐ: പ്രേമാനന്ദ കൃഷ്ണന്‍, ലോഡ്ജ് ഓണേഴ്‌സ് ഭാരവാഹികളായ ജി.കെ. പ്രകാശന്‍, മോഹനകൃഷ്ണന്‍ ഓടത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പൊലീസ് മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നുണ്ടോ എന്നറിയാന്‍ ലോഡ്ജുകളില്‍ പരിശോധന ശക്തമാക്കും. ഇതിനായി പ്രത്യേകം പൊലീസ് സംഘത്തെ വിന്യസിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍