കായലിനെ കൈവിട്ട് മണ്‍സൂണ്‍ ടൂറിസം

ആലപ്പുഴ: നിപയുടെയും പ്രളയത്തിന്റെയും ഭീതി അകന്നിട്ടും ജില്ലയിലെ മണ്‍സൂണ്‍ ടൂറിസം വേണ്ടത്ര ഉഷാറാകുന്നില്ല. സഞ്ചാരികളുടെ വരവിന്റെ ഗ്രാഫ് കഴിഞ്ഞ മാസം കുതിക്കുകയായിരുന്നു. പക്ഷേ, നിലവില്‍ താഴേക്കാണ് പോക്ക്. ആഗസ്റ്റിലെ നെഹ്രുട്രോഫിയിലേക്ക് സീസണ്‍ തുഴഞ്ഞെത്തുമ്പോള്‍ മാത്രമേ ഇക്കുറി ഇനി രക്ഷയുള്ളൂ എന്നാണ് ടൂറിസം സംരംഭകരുടെ നിരീക്ഷണം. കഴിഞ്ഞ വര്‍ഷം മണ്‍സൂണ്‍ ടൂറിസത്തെ പ്രളയം സാരമായി ബാധിച്ചു. ഇക്കുറി സഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിച്ചെങ്കിലും ബുക്കിംഗ് വളരെ മോശം. ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കനക്കുന്ന സമയങ്ങളില്‍ കായല്‍ സഞ്ചാരത്തിനായി ആലപ്പുഴയിലെത്തുന്ന സ്ഥിരം ടൂറിസ്റ്റുകളുണ്ട്. പ്രവാസി മലയാളികളും മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായിരുന്നു. മഴയുടെ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന വിദേശികള്‍ക്ക് മാത്രമായി മിക്ക ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളും കര്‍ക്കിടത്തിന് മുമ്പ് തന്നെ പ്രത്യേക പാക്കേജുകള്‍ ആരംഭിച്ചിരുന്നു.ടൂറിസം അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരെയും സഞ്ചാരികളുടെ മെല്ലെപ്പോക്ക് സാരമായി ബാധിക്കുന്നുണ്ട്. മഴക്കാലത്ത്കുട്ടനാട്ടിലെ ഒരു വിഭാഗം ആളുകള്‍ക്ക് വരുമാനമാര്‍ഗമായിരുന്നു ടൂറിസം മേഖല. മുന്‍ കാലങ്ങളില്‍ മണ്‍സൂണ്‍ ആഘോഷിക്കാന്‍ 30 ശതമാനം വരെ കിഴിവ് പല ഹൗസ്‌ബോട്ട് ഉടമകളും നല്‍കിയിരുന്നു. ഇത്തവണ മേഖലയുടെ നഷ്ടം കണക്കിലെടുത്ത് ഒരു പാക്കേജും മണ്‍സൂണ്‍ ടൂറിസത്തിന് നല്‍കുന്നില്ല. 1500 ഹൗസ് ബോട്ടുകളാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സഞ്ചാരികള്‍ എത്താറുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത് ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ്. മണ്‍സൂണ്‍ ടൂറിസം കൈവിടുന്ന ലക്ഷണമാണെങ്കിലും വള്ളംകളി, ഓണം എന്നിവയിലൂടെ സീസണ്‍ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഹൗസ്‌ബോട്ട് ഉടമകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍