ഇന്ത്യയുടെ ഇഫ്താര്‍ വിരുന്ന് പാക്കിസ്ഥാന്‍ അലങ്കോലമാക്കിയതില്‍ പ്രതിഷേധം അറിയിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പാക്കിസ്ഥാനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി അലങ്കോലമാക്കിയതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. വിരുന്നിനെത്തിയ അതിഥികള്‍ക്കു വലിയ ഉപദ്രവം നേരിട്ടതായാണു പരാതി. വിരുന്നിനെത്തിയ അതിഥികളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്നും ആക്ഷേപമുണ്ട്. ഇന്ത്യ പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധം വഷളാക്കുന്ന മാന്യതയില്ലാത്ത നടപടിയാണ് പാക്കിസ്ഥാന്റേതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ പ്രതികരിച്ചു. ശനിയാഴ്ചയാണ് ഇസ്‌ലാമാബാദിലെ സെറാ ഹോട്ടലില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇഫ്താര്‍ വിരുന്നൊരുക്കിയിരുന്നത്. എന്നാല്‍, ഇഫ്താറിനു ക്ഷണിക്കപ്പെട്ട നൂറിലധികം അതിഥികളെ പാക് ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. പലരെയും ഹോട്ടലിനു പുറത്ത് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്താണ് അകത്തേക്കു കയറ്റിയത്. അതിഥികളോടു ക്ഷമ ചോദിച്ച ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാക് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇഫ്താര്‍ വിരുന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു പറഞ്ഞാണ് പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചില അതിഥികളെ തിരിച്ചയച്ചത്. ഹോട്ടലിന്റെ ഗേറ്റിന് മുന്നില്‍ പാക്കിസ്ഥാനി ഭീകരവിരുദ്ധ സേനയും നിലയുറപ്പിച്ചിരുന്നു. സംഭവം ശരിയാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഒരു ബന്ധു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ ഇതു വലിയ ചര്‍ച്ചയായി. പകല്‍ മുഴുവന്‍ നോമ്പെടുത്തിരുന്നവരാണ് വൈകുന്നേരത്തെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍, പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ഠ്യം കാരണം പലര്‍ക്കു പരിശോധനകള്‍ക്കായി ഒരു മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ടിവന്നുവെന്നു ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ 27ന് ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നടത്തിയ ഇഫ്താര്‍ വിരുന്നിനെത്തിയ അതിഥികളെ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക് ബന്ധം വഷളായി നില്‍ക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍