വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു. ചരക്കു വാഹനങ്ങളുടേയും ബസുകളുടേയും പ്രീമിയം തുകയിലാണ് കാര്യമായ വര്‍ധനവുണ്ടായിരിക്കുന്നത്. എന്നാല്‍ ഓട്ടേറിക്ഷകള്‍ക്കും ആഡംബര ബൈക്കുകള്‍ക്കും പ്രീമിയം വര്‍ധിപ്പിച്ചിട്ടില്ല. പുതിയതായി വാങ്ങുന്ന കാറുകളുടെയും ഇരു ചക്രവാഹനങ്ങളുടേയും ദീര്‍ഘകാല പ്രീമിയം തുകയിലും മാറ്റമുണ്ടാകില്ല. സാധാരണ ഗതിയില്‍ ഏപ്രില്‍ ഒന്ന് മുതലായിരുന്നു പുതുക്കിയ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്ക് നിലവില്‍ വരേണ്ടത്. തെരഞ്ഞെടുപ്പായതിനാല്‍ ഇന്‍ഷൂറന്‍സ് റഗുലേറ്ററി ആന്റ് ഡവലപ് മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിരക്ക് പുതുക്കന്നത് നീട്ടി. കഴിഞ്ഞ ദിവസമാണ് പുതിയ നിരക്ക് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സ്വകാര്യ ബസ് വ്യവസായത്തെ പുതിയ പ്രീമിയം നിരക്ക് കാര്യമായി ബാധിക്കും. ഏഴായിരം രൂപയുടെ വര്‍ധനവാണ് ബസുകളുടെ കാര്യത്തിലുണ്ടാവുക. ചരക്ക് ലോറികളുടെ പ്രീമിയം തുകയിലും വര്‍ധനവുണ്ടായിട്ടുണ്ട്. വലിയ ലോറികള്‍ക്ക് 3188 രൂപ വരെ വര്‍ധിച്ചു. ടാക്‌സി കാറുകള്‍ക്കും വര്‍ധനവുണ്ടായി. ചെറിയ കാറുകള്‍ക്ക് 222 രൂപയുടെ വര്‍ധനവുണ്ടായപ്പോള്‍ ആഡംബര കാറുകളുടെ പ്രീമിയത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇരുചക്ര വാഹനങ്ങളുടെ പ്രീമിയത്തിലും നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ട്രാക്ടറുകളുടെ പ്രീമിയവും വര്‍ധിച്ചു. വര്‍ധിപ്പിച്ച തുക ഈ മാസം 16 മുതല്‍ നിലവില്‍ വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍