പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ മറികടന്ന് ചിലി സെമിയില്‍

സാവോ പോളോ: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയെ മറികടന്ന് നിലവിലെ ജേതാക്കളായ ചിലി കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെ മത്സരം നേരിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ചിലിയുടെ അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിയപ്പോള്‍ കൊളംബിയയുടെ വില്ലിയം ടെസില്ലോയ്ക്ക് പിഴച്ചു. ചിലിക്കായി അഞ്ചാമത്തെ കിക്കെടുത്ത അലക്‌സിസ് സാഞ്ചെസ് അവരെ സെമിയിലെത്തിക്കുകയായിരുന്നു. നാളെ നടക്കുന്ന യുറഗ്വായ് പെറു ക്വാര്‍ട്ടര്‍ വിജയികളുമായി ചിലി ഫൈനല്‍ ടിക്കറ്റിനായി ഏറ്റുമുട്ടും.
നേരത്തെ രണ്ടു തവണ മത്സരത്തില്‍ മുന്നിലെത്തിയെന്ന തോന്നലുണര്‍ത്തിയിരുന്നു ചിലി. എന്നാല്‍ വാറും കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിനയും അവര്‍ക്ക് വില്ലനാകുകയായിരുന്നു.
12ാം മിനിറ്റില്‍ ചിലി താരം ചാള്‍സ് പഅരാംഗ്വിസിന്റെ ഗോളെന്നുറച്ച ഒരു ഹെഡര്‍ ഒസ്പിന തടഞ്ഞു. 
അഞ്ചു മിനിറ്റിന് ശേഷം അരാംഗ്വിസ് പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധിച്ച റഫറി സാഞ്ചെസ് ഓഫ്‌സൈഡ് പൊസിഷനിലാണെന്ന കാരണം പറഞ്ഞ് ഗോള്‍ നിഷേധിച്ചു. 71ാം മിനിറ്റില്‍ ആര്‍തുറോ വിദാലിന്റെ ഗോളും വാര്‍ പരിശോധനയെ തുടര്‍ന്ന് ചിലിക്ക് നഷ്ടമായി. പിന്നീടാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്.
കോപ്പയിലെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വിജയിക്കാന്‍ ചിലിക്കായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍