നഗരസഭ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ട്രാക്ക് അനുവദിക്കും

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ട്രാക്ക് അനുവദിക്കുവാന്‍ നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി ചെയര്‍മാന്‍ കെ. ആര്‍ ജൈത്രന്‍ അറിയിച്ചു. നഗരസഭ സ്റ്റാന്‍ഡിനു തെക്കുഭാഗത്തുള്ള ലോറി സ്റ്റാന്‍ഡിലാണ് നേരത്തെ ട്രാക്ക് ഉണ്ടായിരുന്നത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ 15 മിനിറ്റ് കൂടുമ്പോള്‍ ചെയിന്‍ സര്‍വീസ് ആരംഭിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് നഗരസഭ കൗണ്‍സിലിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളുടെ കൂടി താത്പര്യം പരിഗണിച്ചാണ് ട്രാക്ക് അനുവദിക്കാന്‍ തീരുമാനിച്ചത്. വടക്കെ നടയിലെ വഴിയോര കച്ചവടക്കാരായ 14 പേരെ പുനരധിവസിപ്പിക്കുന്നതിനും കൗണ്‍സില്‍ തീരുമാനിച്ചു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ അടങ്ങുന്ന വെന്‍ഡിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത് , കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായി കാവില്‍ക്കടവ് മാര്‍ക്കറ്റ് കോംപ്ലക്‌സിന് പരിസരത്തേക്ക് പുനരധിവസിപ്പിക്കുന്നതിനാണ് തീരുമാനിച്ചത്. ഹൈക്കോടതി വിധി പ്രകാരം എത്രയും വേഗം നടപടി സ്വീകരിക്കണമെന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി എടുക്കും. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട രണ്ട ് പേര്‍ക്ക് പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്നും വീട് നിര്‍മാണത്തിന് പണം അനുവദിച്ച സാഹചര്യത്തില്‍ നഗരസഭ 16ാം നന്പര്‍ കോളനിയിലെ നഗരസഭ സ്ഥലത്ത് വീട് നിര്‍മിക്കുന്നതിന് എതിര്‍പ്പില്ലാ രേഖ നല്‍കും. ചൂളക്കടവില്‍ സൈനബ ഹുസൈന്‍ , ഫാത്തിമാ സിദ്ദിഖ് വെളുത്തേരി എന്നിവര്‍ക്കാണ് വീട് നിര്‍മിക്കവാന്‍ അനുമതി നല്‍കിയത്.ചെയര്‍മാന്‍ കെ ആര്‍ജൈത്രന്‍ അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍