അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത് കോണ്‍ഗ്രസിന്റെ ഗതികേടെന്നു കേന്ദ്രമന്ത്രി മുരളീധരന്‍

ന്യൂഡല്‍ഹി: മോദിയെ പുകഴ്ത്തിയതിന്റെ പേരില്‍ സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിച്ച ശേഷം അതേ കാരണത്തിന്റെ പേരില്‍ പുറത്താക്കിയത് കോണ്‍ഗ്രസിന്റെ ഗതികേടാണെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരന്‍. കോണ്‍ഗ്രസ് ഗാന്ധിയന്‍ മാതൃകയാണ് പിന്തുടരുന്നതെങ്കില്‍ സത്യത്തെ അറിയാനും മനസിലാക്കാനും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നയങ്ങളുമായി യോജിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്കു കടന്നു വരാം. ബിജെപിയോടു ചേര്‍ന്നു രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ താത്പര്യം ഉള്ള ആര്‍ക്കും ആ പാര്‍ട്ടിയില്‍ ചേരാം. എന്നാല്‍, അബ്ദുള്ളക്കുട്ടി അതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം അറിയില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്റെ മുന്നിലും ഇത്തരം ഒരാവശ്യം വന്നതായി ഇതുവരെ തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു. ബിജെപിയുടെ നയങ്ങളോട് യോജിക്കുന്ന ആര്‍ക്കും ബിജെപിയിലേക്ക് വരാം. ഇനി അബ്ദുള്ളക്കുട്ടിയാണ് തീരുമാനിക്കേണ്ട്. ഞങ്ങള്‍ ആരെയും ക്ഷണിച്ചിട്ടില്ല. നേതാക്കന്‍മാര്‍ക്ക് ബിജെപിയില്‍ ഇഷ്ടംപോലെ ഇടമുണ്ടല്ലോ എന്നുമാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വി. മുരളീധരന്‍ മറുപടി നല്‍കിയത്. മോദി നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് ജനങ്ങളെ മോദിക്ക് അനുകൂലമായി വോട്ടുചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന യാഥാര്‍ഥ്യം തുറന്നു പറഞ്ഞതിനാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍