ടി.വി. ചാനല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ വീണ്ടും 'ട്രായ്'

മുംബൈ: ടെലിവിഷന്‍ കാണുന്നതിനുള്ള ചെലവുകുറയ്ക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) വീണ്ടും പരിശോധിക്കുന്നു. 
കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കിയ പുതിയ നിയമം എല്ലാ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെട്ടില്ല എന്നതാണ് ഇതിനുപിന്നില്‍. മെട്രോ നഗരങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് കേബിള്‍ നിരക്ക് ഗണ്യമായി കുറഞ്ഞെങ്കിലും ഗ്രാമങ്ങളിലുള്ളവര്‍ കൂടുതല്‍ തുക നല്‍കേണ്ട അവസ്ഥയാണ്. ഇതിനുപുറമെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനവും കുത്തനെ കുറഞ്ഞു. 
ഇതെല്ലാം പരിഹരിച്ച് എല്ലാവര്‍ക്കും ഗുണകരമാകുന്നരീതിയില്‍ നിരക്കുകള്‍ നിജപ്പെടുത്തുക എന്നതാണ് 'ട്രായി'യുടെ ലക്ഷ്യം. കേബിള്‍, ഡി.ടി.എച്ച്. കമ്പനികളുടെയുംഅഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ടായിരിക്കുമിത്. അതിനുമുമ്പ്, നിലവിലുള്ള സ്ഥിതിയെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ പറഞ്ഞു.
പുതിയ നിയമപ്രകാരം ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുത്ത് അതിനുമാത്രം പണം നല്‍കാമായിരുന്നു. നൂറു ചാനലുകള്‍ക്ക് കുറഞ്ഞത് 130 രൂപയും നികുതിയുമാണ് നിരക്ക്. പേ ചാനലുകള്‍ക്ക് അതിന്റെ തുക വേറെ നല്‍കണം. 
ഇതോടെ ഉപഭോക്താക്കള്‍ പല പേ ചാനലുകളും ഒഴിവാക്കുകയുംചെയ്തു. കൂടുതല്‍ വരിക്കാരുള്ള ഡി.ടി.എച്ച്. കമ്പനികളെ ഇത് എത്രമാത്രം ബാധിച്ചു എന്നറിവായിട്ടില്ല. എന്നാല്‍ ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനം കുത്തനെ കുറഞ്ഞു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടുള്ള പുതിയ മാര്‍ഗം കണ്ടെത്തുക എന്നതാണ് 'ട്രായി'ക്കുമുന്നിലുള്ള വെല്ലുവിളി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍