വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം: സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന് അര്‍ഹമായ മണ്ണെണ്ണ വിഹിതം നിലനിറുത്താന്‍ സര്‍ക്കാര്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തെഴുതും. ഫലമുണ്ടായില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാനാണ് ആലോചന.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി കേരളത്തിനുള്ള വിഹിതത്തില്‍ മാത്രമാണ് കേന്ദ്രം വെട്ടിക്കുറവ് വരുത്തിയതെന്ന നിഗമനത്തിലാണ് ഭക്ഷ്യവകുപ്പ്. കൂടുതല്‍ വ്യക്തത ലഭിച്ച ശേഷം അടുത്ത നടപടിയിലേക്കു കടക്കും.മൂന്നു മാസം കൂടുമ്പോഴാണ് സംസ്ഥാനത്തിന് മണ്ണെണ്ണ അനുവദിക്കുന്നത്. 
കഴിഞ്ഞ തവണ 13,908 ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ച സ്ഥാനത്ത് ഇപ്പോള്‍ കിട്ടിയത് 9264ലിറ്റര്‍ മാത്രം. പൊതുവിതരണത്തിനായി നല്‍കുന്ന മണ്ണെണ്ണ വകമാറ്റരുതെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനത്തിനു കത്തും നല്‍കി. വിളക്കുകത്തിക്കാനും പാചകത്തിനും മാത്രമേ റേഷന്‍ മണ്ണെണ്ണ നല്‍കാവൂ എന്നാണു നിര്‍ദേശം.
നിലവില്‍ വൈദ്യുതിയില്ലാത്ത കാര്‍ഡുടമകള്‍ക്ക് നാല് ലിറ്ററും വൈദ്യുതിയുള്ളവര്‍ക്ക് അര ലിറ്ററും മണ്ണെണ്ണയാണ് മാസം നല്‍കുന്നത്. കഴിഞ്ഞ മാസം വൈദ്യുതിയുള്ളവരുടെ വിഹിതം ഒരു ലിറ്ററായി ഉയര്‍ത്തിയിരുന്നു. പുതിയ അലോട്ട്‌മെന്റ് അനുസരിച്ച് വൈദ്യുതീകരിച്ച വീടുകള്‍ക്ക് 350 മില്ലീലിറ്റര്‍ മണ്ണെണ്ണ മാത്രമെ ലഭിക്കൂ. സംസ്ഥാനത്ത് റേഷന്‍കാര്‍ഡുള്ള 85,02,974 കുടുംബങ്ങളിലും വൈദ്യുതിയുണ്ട്. 60,128 വീടുകളില്‍മാത്രമേ വൈദ്യുതിയും പാചകവാതകവും ഇല്ലാതുള്ളൂ. മത്സ്യബന്ധന മേഖലയ്ക്കുള്ള മണ്ണെണ്ണ വിഹിതം മാസങ്ങളായി വിതരണം ചെയ്യുന്നില്ല.വൈദ്യുതീകരിച്ച വീടുകള്‍ക്കുള്ള മണ്ണെണ്ണ വിഹിതം 500 മില്ലീലിറ്ററില്‍ തല്‍ക്കാലം കുറവുവരുത്തില്ല. അടുത്തമാസവും 500മില്ലീ ലിറ്റര്‍ നല്‍കണമെന്ന നിര്‍ദേശമാണ് റേഷന്‍ കടകള്‍ക്ക് ലഭിച്ചിരിക്കുന്നത്. സ്റ്റോക്കുള്ള മണ്ണെണ്ണ തീരുമ്‌ബോള്‍ വിതരണം നിലയ്ക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍