മുത്തലാക്ക് ബില്‍ വീണ്ടും പാര്‍ലമെന്റിലേക്ക്

ന്യൂഡല്‍ഹി: ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പാസാക്കാന്‍ കഴിയാതെ പോയ വിവാദ മുത്തലാക്ക് ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പതിനാറാം ലോക്‌സഭയുടെ കാലാവധി അവസാനിച്ചതോടെ പഴയ ബില്‍ കാലഹരണപ്പെട്ടതിനെത്തുടര്‍ന്നാണു വീണ്ടും പുതിയ ബില്‍ അവതരിപ്പിക്കുന്നത്. മുത്തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതു ക്രിമിനല്‍കുറ്റമാക്കി മൂന്നു കൊല്ലത്തെ തടവാണു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. വിവാഹ മോചനം ചെയ്ത സ്ത്രീക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കാനും വ്യവസ്ഥയുണ്ട്. മുത്തലാക്ക് ചൊല്ലിയ വ്യക്തിയെ ജാമ്യത്തില്‍ വിടുന്നതിനു മുമ്പ് സ്ത്രീയുടെ ഭാഗം കേള്‍ക്കണമെന്നതാണു ബില്ലിലെ മറ്റൊരു പ്രധാന വ്യവസ്ഥ. ലോക്‌സഭ പാസാക്കിയ മുത്തലാക്ക് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞില്ല. ഇതേ തുടര്‍ന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നടന്ന ആദ്യ കാബിനറ്റ് യോഗത്തിനുശേഷം കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സിന്റെ സമ്പൂര്‍ണ മന്ത്രിസഭാ യോഗവും നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പുതിയ മന്ത്രിമാര്‍ക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിരുന്നു നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍