മോദിയുടെ വിമാനത്തിന് സഞ്ചരിക്കാനായി പാകിസ്ഥാന്‍ വ്യോമപാത തുറന്ന് കൊടുത്തേക്കും

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് സഞ്ചരിക്കാനായി പാകിസ്ഥാന്‍ വ്യോമപാത തുറന്ന് കൊടുത്തേക്കും. ഇന്ത്യയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് തീരുമാനം. എസ്.സി.ഒ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മോദിക്ക് കിര്‍ഗിസ്ഥാനിലേക്ക് പോകുന്നതിനാണ് വ്യോമപാതതുറന്ന് നല്‍കാമോയെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചത്. ഫെബ്രുവരി 26 ലെ ബാലാകോട്ട് ആക്രമണത്തിന് ശേഷം വ്യോമാതിര്‍ത്തി അടച്ചിടാന്‍ പാകിസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു.ഈ മാസം 13, 14 തീയ്യതികളില്‍ കിര്‍ഗിസ്ഥാനിലെ ബിഷ്‌കേകിലാണ് ഷാങ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ നടക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സഞ്ചരിക്കാനായി പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി തുറന്ന് നല്‍കാമോയെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ അനുകൂല തീരുമാനം എടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയതോടെയാണ് വ്യോമാതിര്‍ത്തി അടച്ചിടാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. ഇതിന് ശേഷം വടക്കന്‍ പാകിസ്ഥാനിലൂടെ കടന്ന് പോകുന്ന രണ്ട് വ്യോമപാതകള്‍ മാത്രമെ പാകിസ്ഥാന്‍ തുറന്നിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ മാസം 21 ന് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമസ്വരാജിന് കിര്‍ഗിസ്ഥാനിലേക്ക് പോകാനായും ഇന്ത്യന്‍ അഭ്യര്‍ത്ഥനപ്രകാരം പാകിസ്ഥാന്‍ വ്യോമപാത തുറന്ന് നല്‍കിയിരുന്നു.മോദിക്കായി തുറന്ന് നല്‍കുമെങ്കിലും മറ്റ് വിമാനങ്ങള്‍ക്ക് പാകിസ്ഥാനിലൂടെ പറക്കാനുള്ള അനുമതി തല്‍ക്കാലം നല്‍കാനിടയില്ല. പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചത് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍