എ.കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം:എ.കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.പി സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ആന്റണിക്കെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തി. ആന്റണിയെ അനുകൂലിച്ച് നേതാക്കള്‍ രംഗത്തെത്തി. സഖ്യങ്ങളുണ്ടാക്കാത്തതില്‍ ആന്റണിയെ പഴിക്കുന്നത് വസ്തുതകള്‍ മനസിലാക്കാതെയാണെന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു. ആന്ധ്രയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ നിയന്ത്രണങ്ങള്‍ക്കതീതമായ കാര്യങ്ങളാലാണ് സഖ്യം സാധ്യമാകാത്തത്.ആദര്‍ശം മുറുകെ പിടിക്കുന്ന നേതാവിനെ ചെളിവാരിയെറിയാനും ഒറ്റപ്പെടുത്താനുമുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആന്റണിക്കെതിരായ സോഷ്യല്‍ മാധ്യമങ്ങളിലെ നീക്കങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു. ആന്റണിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കെ.പി.സി.സി അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.വി.എം സുധീരനും ആന്റണിക്കെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ചു. സഖ്യങ്ങള്‍ രൂപീകരിക്കാത്തതുള്‍പ്പെടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പ്രധാന ഉത്തരവാദി എ.കെ ആന്റണി എന്ന രൂപത്തിലായിരുന്നു സൈബര്‍ പ്രചാരണം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍