കുവൈത്തില്‍ വേനല്‍ ചൂട് വാണിജ്യ സ്ഥാപനങ്ങളുടെ ഉല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട്

കുവൈത്ത്: കുവൈത്തില്‍ വേനല്‍ ചൂട് വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും ഉല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട്. പുറം ജോലികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കമ്പനികളെയാണ് അത്യുഷ്ണം കാര്യമായി ബാധിച്ചത്.
നിര്‍ജലീകരണം, സൂര്യാതാപം പോലുള്ള അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ജൂണ്‍ ഒന്ന് മുതല്‍ ഉച്ച വിശ്രമ നിയമം നടപ്പാക്കിയിരുന്നു. ഇതോടൊപ്പം തൊഴിലാളികള്‍ അവധിയെടുക്കുന്ന പ്രവണത വര്‍ദ്ധിച്ചതും ഉത്പാദനക്ഷമതയെ ബാധിച്ചിട്ടുണ്ട്. ഉല്‍പാദനക്ഷമത കുറയുന്നതിന് പുറമെ വെള്ളം, വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചിട്ടുണ്ട് . അത്യുഷ്ണം മൂലമുള്ള മാനസിക സമ്മര്‍ദ്ദം തൊഴിലിടങ്ങളില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാവുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
വേനല്‍ക്കാലത്ത് ഔദ്യോഗിക പ്രവൃത്തി സമയം വൈകുന്നേരമാക്കണമെന്ന് പാര്‍ലമെന്റില്‍ കരട് നിര്‍ദേശം വന്നിട്ടുണ്ട്. ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് 31 വരെ വൈകുന്നേരം അഞ്ചുമണി മുതല്‍ രാത്രി പത്തുമണി വരെയാക്കി ജോലി സമയം പുനഃക്രമീകരിക്കണം എന്നാണ് നിര്‍ദേശം. ഈ കാലയളവിലാണ് രാജ്യത്തു ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. മിക്ക ദിവസങ്ങളിലും ഉച്ച നേരങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരാറുണ്ട്. അതിനിടെ കടുത്ത ചൂടിനെ അവഗണിക്കരുതെന്നും സൂര്യാതാപവും നിര്‍ജ്ജലീകരണവും അവഗണിച്ചാല്‍ മരണം വരെ സംഭവിക്കാനിടയുണ്ടെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍