രാഹുലിന്റെപൗരത്വം: മറുപടിയിലെ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൗരത്വം ചോദ്യംചെയ്തുള്ള പരാതിയില്‍ അദ്ദേഹം നല്‍കിയ മറുപടിയിലെ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചു. അന്വേഷണത്തെ ബാധിക്കുന്നവ, പൊതുതാത്പര്യവുമായി ബന്ധമില്ലാത്ത വ്യക്തിഗത വിവരങ്ങള്‍, വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ തുടങ്ങിയവ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി. ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ രാഹുലിന്റെ വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിലെയും ഇതിന് രാഹുല്‍ നല്‍കിയ മറുപടിയിലെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് പിടിഐയാണ് വിവരാവകാശ അപേക്ഷ നല്‍കിയത്. രാഹുല്‍ ഡയറക്ടറായിരുന്ന ബാക്കോപ്‌സ് ലിമിറ്റഡ് കമ്പനി ഇംഗ്ലണ്ടിലെ കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ രേഖകളില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരത്വം നേടിയെന്ന് വ്യക്തമാക്കുന്നുണ്ടെന്നാണ് ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പലതവണ ഈ വിഷയം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് രാജ്യസഭാ എംപികൂടിയായ സുബ്രഹ്മണ്യന്‍ സാമി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍